കൈകാലുകൾ ബന്ധിച്ച് കണ്ണുകൾ മൂടിക്കെട്ടി,അവയവങ്ങൾ നഷ്ടമായി ; വികൃതമാക്കിയ 30 മൃതദേഹങ്ങൾ കൂടി ഗസ്സയിലെത്തി

06:24 PM Oct 23, 2025 | Neha Nair

ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ കൈമാറിയ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയിൽ മിക്കതും പീഡനത്തിന്റെയും ക്രൂരമായ പെരുമാറ്റത്തിന്റെയും അടയാളങ്ങളോടെ വികൃതമാക്കിയ രൂപത്തിലാണ് സ്വന്തം മണ്ണിലെത്തിയത്. വെടിനിർത്തൽ കരാർ പ്രകാരം 195 ഫലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇസ്രായേൽ ഇതുരെ തിരിച്ചയച്ചത്. ഇതിൽ 57 മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിയാനായുള്ളൂ എന്നും മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി വഴിയാണ് മൃതദേഹങ്ങൾ കൈമാറിയത്.

‘ഗസ്സയിലെ തടവുകാരുടെ മൃതദേഹങ്ങൾ മൃഗങ്ങളെപ്പോലെ ബന്ധിക്കപ്പെട്ടും കണ്ണുകൾ കെട്ടിയും പീഡനത്തിന്റെയും പൊള്ളലിന്റെയും ഭയാനകമായ അടയാളങ്ങൾ വഹിച്ചും ആണ് ഞങ്ങൾക്ക് തിരികെ ലഭിച്ചത്. രഹസ്യമായി നടത്തിയ അതിക്രമങ്ങളുടെ തെളിവുകളാണിത്’- ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ ബർഷ് പറഞ്ഞു. മൃതദേഹങ്ങളിലെ ദൃശ്യമായ അടയാളങ്ങളെ മറയ്ക്കാൻ കഴിയാത്ത കുറ്റകൃത്യങ്ങൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിരവധി തടവുകാരെ കൈകാലുകൾ ബന്ധിച്ചശേഷമാണ് വധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.