+

ആവി പറക്കുന്ന മട്ടൺ ദം ബിരിയാണി

ആവി പറക്കുന്ന മട്ടൺ ദം ബിരിയാണി

 

തയാറാക്കാം ആവി പറക്കുന്ന മട്ടൺ ദം ബിരിയാണി.

ചേരുവകൾ  

    മട്ടൺ - 1 കിലോഗ്രാം 
    ബട്ടർ - ആവശ്യത്തിന് 
    സവാള - 3 + 2 കപ്പ് 
    പച്ചമുളക് - 7 എണ്ണം
    ഇഞ്ചി - 1 കപ്പ് (നാടൻ ഇഞ്ചി - 3/4 കപ്പ്) 
    വെളുത്തുള്ളി  - 25 എണ്ണം 
    മുളകുപൊടി - 2 ടീസ്പൂൺ 
    മല്ലിപ്പൊടി - 2 ടീസ്പൂൺ 
    ഗരം മസാലപ്പൊടി - 2.5 ടീസ്പൂൺ 
    കുരുമുളകുപൊടി - 1 ടീസ്പൂൺ
    മഞ്ഞൾപ്പൊടി -  1/2 ടീസ്പൂൺ  
    തക്കാളി - 1 കപ്പ് 
    തൈര്  - 1/2 കപ്പ്‌
    മല്ലിയില - 2 കപ്പ് 
    പുതിനയില - 1/2 കപ്പ്‌ 
    ഉപ്പ് - ആവശ്യത്തിന്

ചോറ് തയാറാക്കാൻ 

    ബസ്മതി അരി - 3 കപ്പ്‌
    ബേ ലീഫ് - 2 
    ഏലയ്ക്ക - 4 എണ്ണം
    ഗ്രാമ്പൂ - 4 എണ്ണം 
    പട്ട - 4 ചെറിയ കഷ്ണം 
    മഞ്ഞൾപ്പൊടി -  1/4 ടീസ്പൂൺ
    നാരങ്ങാ നീര്  - 3 ടേബിൾ സ്‌പൂൺ 
    ഉപ്പ് - ആവശ്യത്തിന്
    മുന്തിരിങ്ങ - 1/3 കപ്പ്‌ 
    കശുവണ്ടിപരിപ്പ്  - 20 

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ ഇറച്ചിയിട്ട് അതിൽ അര ടീസ്പൂൺ വീതം മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും സ്വല്പം വെള്ളവും ചേർത്ത് ഇറച്ചി വേവിച്ചെടുക്കുക. വേറൊരു പാനിൽ എണ്ണയും ബട്ടറും ചേർത്ത് ഉള്ളി വഴറ്റാം, മൂത്തു വരുമ്പോൾ ഇഞ്ചി – വെളുത്തിള്ളി പേസ്റ്റ് ചേർത്തു മൂപ്പിക്കുക. ഇതിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും ഗരം മസാലപ്പൊടിയും ചേർത്തു വഴറ്റി തക്കാളി, മല്ലിയില, പുതിനയില എന്നിവ ചേർത്തു പാത്രം അടച്ചുവച്ചു തക്കാളി അലിയുന്നതു വരെ വേവിക്കുക. പിന്നീട് തൈര് ചേർത്തിളക്കി ഇറച്ചിയും ചേർത്തു ചെറിയ തീയിൽ ചാറു കുറുക്കി എടുക്കുക. ഇതിൽ മല്ലിയില ചേർത്തു മാറ്റിവയ്ക്കുക. 

അരി കഴുകി 20 മിനിറ്റ് വയ്ക്കുക. പിന്നീട് വെള്ളം തിളപ്പിച്ചു ബേ ലീവ്സ്, ഗ്രാമ്പു, ഏലയ്ക്ക, കറുവപ്പട്ട, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് അരി വേവിച്ചു (മുക്കാൽ വേവ്) നാരങ്ങനീര് ചേർത്തെടുക്കാം.

വേറൊരു പാനിൽ എണ്ണയൊഴിച്ചു ഉള്ളി മൂപ്പിച്ചെടുക്കുക. 

മുന്തിരിങ്ങയും കശുവണ്ടിപരിപ്പും ബട്ടറിൽ മൂപ്പിച്ചെടുത്തു മാറ്റിവയ്ക്കുക.

ബിരിയാണി തയാറാക്കാൻ

ഇറച്ചിയുടെ കുറച്ചു ഗ്രേവി പാത്രത്തിന്റെ അടിയിൽ ഒഴിക്കുക. അതിനു മീതേ കുറച്ചു ചോറ് നിരത്തുക. പിന്നീട് ഇറച്ചി കഷ്ണങ്ങൾ നിരത്തുക. അതിനു മുകളിൽ ചോറ് ചേർത്തു കുറച്ചു ഉള്ളിയും മുന്തിരിങ്ങയും കശുവണ്ടിപ്പരിപ്പും ചേർക്കുക. ഇതേ ക്രമത്തിൽ പാത്രത്തിൽ ചോറും ഇറച്ചിയും ഇടവിട്ട് അവസാനം ഉള്ളിയും മുന്തിങ്ങയും കശുവണ്ടിപ്പരിപ്പും ചേർത്തു പാത്രം അലൂമിനിയം ഫോയിൽ വച്ചടച്ചു അടപ്പുകൊണ്ട് നന്നായി അടയ്ക്കുക. അടുപ്പിൽ ദോശക്കല്ല് വച്ചു ചൂടാക്കുക. ഇതിന്റെ മുകളിൽ പാത്രം വച്ച് ചൂടാകുമ്പോൾ തീ കുറിച്ചിട്ടു നല്ലതുപോലെ ആവി വരുന്നത് വരെ വേവിച്ചെടുക്കുക. ടേസ്റ്റി ദം ബിരിയാണി രുചിയോടെ വിളമ്പാം.

Trending :
facebook twitter