മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

06:49 AM May 23, 2025 |


മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞ് താണതിലും വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളല്‍ വീണതിലും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ പൊതുമരാമത്ത് വകുപ്പിനോ കേരളാ സര്‍ക്കാരിനോ ഒരു തരത്തിലുമുളള പങ്കുമില്ലെന്നും നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് വിഷയത്തില്‍ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച്ചകളെ വീഴ്ച്ചകളായി തന്നെ കണ്ട് നടപടികളിലേക്ക് കടക്കണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അവരുടെ ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'ദേശീയപാതയ്ക്കുളള സ്ഥലം ഏറ്റെടുത്ത് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. നിര്‍മ്മാണത്തിലെ പ്രശ്നങ്ങളില്‍ ഒരു തരത്തിലുളള പങ്കാളിത്തവും നമ്മുടെ പൊതുമരാമത്ത് വകുപ്പിനോ കേരളാ ഗവണ്‍മെന്റിനോ ഇല്ല. എല്ലാം അവരുടെ നിയന്ത്രണത്തിലാണ് നടക്കുക. അതുകൊണ്ടാണ് ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നാഷണല്‍ ഹൈവേയുടെ ചുമതല വഹിക്കുന്ന വകുപ്പ് തന്നെ ഫലപ്രദമായി ഇടപെടുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ടുളളത്. ഞങ്ങളെ കുറ്റപ്പെടുത്താന്‍ വാസനയുളളവര്‍ക്ക് കിട്ടിപ്പോയ ഒരു അവസരം. നാഷണല്‍ ഹൈവേയില്‍ ചിലയിടങ്ങളില്‍ ചില അപകടമുണ്ടായല്ലോ. അത് ഇവരുടെ കൊളളരുതായ്മയല്ലേ, ഇവരുടെ ഉത്തരവാദിത്തമല്ലേ എന്നാണ് അവര്‍ പറയുന്നത്. ഒരു ചൊല്ലുണ്ട് എല്ലാം പറയാം മഹതാ എന്തും പറയാം വഷളാ എന്ന്. ആ അവസ്ഥ വെച്ച് എന്തും പറയുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കുന്ന നിലയാണ്. എല്‍ഡിഎഫിന് അതില്‍ അഭിമാനം മാത്രമേയുളളു. ആ വര്‍ക്ക് നല്ല നിലയ്ക്ക് നടക്കണം. വീഴ്ച്ച വീഴ്ച്ചയായി കണ്ടുകൊണ്ട് നടപടികളിലേക്ക് കടക്കണം. അതെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. അത് അവര്‍ നിറവേറ്റുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.'- മുഖ്യമന്ത്രി പറഞ്ഞു.