+

നവ്യ നായരെ കുടുക്കിയ മുല്ലപ്പൂ യാത്ര; ഓസ്‌ട്രേലിയയിലേക്കെങ്കിൽ ഇതൊക്കെ പിഴക്ക് കാരണമാകാം

ഓസ്‌ട്രേലിയന്‍ യാത്രയില്‍ മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായരില്‍ നിന്ന് ഒരുലക്ഷം രൂപയിലേറെ പിഴ ഈടാക്കിയ വാര്‍ത്ത ഏതാനും ദിവസങ്ങളായി വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.



ഓസ്‌ട്രേലിയന്‍ യാത്രയില്‍ മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായരില്‍ നിന്ന് ഒരുലക്ഷം രൂപയിലേറെ പിഴ ഈടാക്കിയ വാര്‍ത്ത ഏതാനും ദിവസങ്ങളായി വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് നടിയുടെ പക്കല്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷ നിയമം അനുസരിച്ച് മുല്ലപ്പൂ ഉള്‍പ്പെടെയുള്ള വസ്തുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. അതുകൊണ്ടാണ് നവ്യക്ക് പിഴയൊടുക്കേണ്ടി വന്നത്.

മുല്ലപ്പൂ മാത്രമല്ല, ജൈവസുരക്ഷ നിയമം അനുസരിച്ച് മറ്റ് ചില വസ്തുക്കള്‍ക്കും ഓസ്‌ട്രേലിയയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മുല്ലപ്പൂ ഉള്‍പ്പെടെ ഫ്രഷ് പൂക്കള്‍ എല്ലാം ഉള്‍പ്പെടും. 100-ല്‍ അധികം ഉത്പന്നങ്ങള്‍ക്കാണ് നിരോധനമുള്ളത്. പുതിയതോ ഉണങ്ങിയതോ ആയ പൂക്കള്‍, പഴങ്ങളും പച്ചക്കറികളും, സംസ്‌കരിക്കാത്ത നട്‌സുകള്‍, വിത്തുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍, ബര്‍ഫി, രസഗുള, പേഡ, ഗുലാബ് ജാമുന്‍, മൈസൂര്‍ പാക്ക്, സോന്‍ പാപ്ഡി തുടങ്ങിയ മധുരപലഹാരങ്ങള്‍, അരി, ചായപ്പൊടി, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, തേന്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, ചെടികളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും ഉണ്ടാക്കിയിട്ടുള്ള മരുന്നുകള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജൈവസുരക്ഷ നിയമങ്ങള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. നവ്യ നായര്‍ക്ക് ലഭിച്ച പിഴ ഇതിന്റെ തെളിവാണ്. ആ രാജ്യത്തിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായാണ് ജൈവനിയമങ്ങള്‍ക്ക് ഉയര്‍ന്ന പ്രധാന്യം നല്‍കുന്നത്. ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുക്കുകയും പിഴ നല്‍കുകയും ചെയ്യുന്നതാണ് രീതി. എന്നാല്‍, കൂടുതല്‍ ഗുരുതരമായ കുറ്റമാണെങ്കില്‍ തടവ് ശിക്ഷ ലഭിക്കുകയും വിസ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കാറുണ്ട്.

ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വസ്തുകള്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ ചോദ്യം ചെയ്യല്‍, ലഗേജ് പരിശോധന എന്നിവയ്ക്ക് അടിയന്തിരമായി വിധേയമാക്കും. ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുകള്‍ കണ്ടെത്തിയാല്‍ 2664 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്താനും നിയമം അനുശാസിക്കുന്നുണ്ട്. ഭക്ഷണപദാര്‍ഥങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍ തുടങ്ങിയ വസ്തുകള്‍ ട്രാവല്‍ കാര്‍ഡില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അനുവദനീയമല്ലാത്ത പദാര്‍ഥങ്ങള്‍ പിഴയൊടുക്കാതെ തന്നെ എടുത്ത് മാറ്റാന്‍ സാധിക്കും.

എന്താണ് കാരണം?

ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് മുല്ലപ്പൂ ഉള്‍പ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതിനാലാണ് ഇത്. ഇത്തരം സൂക്ഷ്മജീവികള്‍ ഓസ്ട്രേലിയയിലെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാന്‍ കാരണമാകുകയും തദ്ദേശീയമായ സസ്യ-ജന്തുജാലങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നത്.

ഇത്തരത്തില്‍ ഓസ്ട്രേലിയയ്ക്ക് പണി കിട്ടിയ പല അനുഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്. 1859-ല്‍ ഏതാനും മുയലുകളെ വിനോദത്തിനായി യൂറോപ്പില്‍ എത്തിച്ചതാണ് അതിലൊന്ന്. ഓസ്ട്രേലിയയില്‍ മുയലുകള്‍ പെറ്റ് പെരുകുകയും കൃഷിഭൂമികള്‍ വന്‍തോതില്‍ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയ സസ്യങ്ങളെ മുയലുകള്‍ തിന്നുതീര്‍ത്തതോടെ അവയെ ആശ്രയിച്ചുകഴിയുന്ന ജീവികളുടെ ആവാസവ്യവസ്ഥയും തകര്‍ന്നു. ന്യൂസീലാന്‍ഡ്, യുഎസ്, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും കര്‍ശനമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്.

facebook twitter