നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

06:13 AM Aug 02, 2025 |


ചോറ്റാനിക്കരയിലെ ഹോട്ടലില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ എത്തിയ നവാസിനെ മരിച്ച നിലയില്‍ കാണുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയില്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്നയാണ് ഭാര്യ.

മലയാളിയെ എന്നും ചിരിപ്പിച്ച അതുല്യകലാകാരനാണ് വിട വാങ്ങിയത്. ഹോട്ടല്‍ മുറിയിലെത്തിയ റൂം ബോയിയാണ് നിലത്ത് വീണ നിലയില്‍ നവാസിനെ ആദ്യം കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിലെ ഹോട്ടല്‍ ഉടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും തന്റെ ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്.