അയല്‍വാസിയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

01:01 PM Aug 27, 2025 |


ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയില്‍ ഗൃഹനാഥനെ, അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി.ഓലിയ്ക്കല്‍ സുതൻ(68)ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി കുളങ്ങരയില്‍ അജിത്തിനെ (28) രാജാക്കാട് പോലീസ് അറസ്റ്റുചെയ്തു. ഇരുവരും തമ്മില്‍ ഒരാഴ്ചമുൻപ് വഴക്കുണ്ടായതായി പോലീസും നാട്ടുകാരും പറയുന്നു.

തിങ്കളാഴ്ച രാത്രിയാണ് ബൈസണ്‍വാലി ചൊക്രമുടി പാറക്കട ഭാഗത്ത് റോഡിന് നടുക്ക് വെട്ടേറ്റ് ചോരവാർന്ന് കിടക്കുന്ന സുതനെ നാട്ടുകാർ കണ്ടത്.സുതൻ ചൊക്രമുടിയില്‍ കട നടത്തുന്നുണ്ടായിരുന്നു. ഇവിടെവെച്ച്‌ ഒരാഴ്ചമുമ്ബ് അജിത്തും സുതനും തമ്മില്‍ വാക്കുതർക്കമുണ്ടായി. അജിത്തിന്റെ വീടിന്റെ മുമ്ബിലുള്ള റോഡിലാണ് സുതൻ വെട്ടേറ്റ് കിടന്നത്.

തിങ്കളാഴ്ച രാത്രി അജിത്ത് ഫോണില്‍ വിളിച്ച്‌ സുതനെ അസഭ്യം പറഞ്ഞിരുന്നെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇത് ചോദ്യം ചെയ്യാൻവേണ്ടി അജിത്തിന്റെ വീടിനടുത്തേക്ക് സുതൻ പോയതായും വിവരം ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തുള്ള കൃഷിയിടത്തില്‍ ഒളിച്ചിരുന്ന അജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു.