പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി നേപ്പാള്‍ സര്‍ക്കാര്‍ ; സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി

07:53 AM Sep 09, 2025 | Suchithra Sivadas

ഒടുവില്‍ ജെന്‍സി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി നേപ്പാള്‍ സര്‍ക്കാര്‍. സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നേപ്പാള്‍ സര്‍ക്കാര്‍ നീക്കം ചെയ്തു. പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. കലാപം പ്രത്യേക സമിതി അന്വേഷിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യുവാക്കള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനെടുത്ത തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും പൃഥ്വി ശുഭ അറിയിച്ചു. നേപ്പാള്‍ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോട്ട്. സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു.