നിപ: മലപ്പുറത്ത് 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

12:10 PM May 14, 2025 |


മലപ്പുറം : മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്.

മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലാണ്.

നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആകെ 4749 വീടുകളാണ് സന്ദര്‍ശിച്ചത്.

പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാനും നിര്‍ദേശം നല്‍കി.