ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. ചിത്രത്തില്‍ പാച്ചു എന്ന കഥാപാത്രത്തിലേക്ക് ആദ്യം പ്ലാന്‍ ചെയ്തിരുന്നത് നിവിന്‍ പോളിയെ ആയിരുന്നു. ഇപ്പോഴിതാ നിവിനില്‍ നിന്ന് ഫഹദിലേക്ക് പാച്ചു എന്ന കഥാപാത്രം എത്തിയതിനെക്കുറിച്ച് മനസുതുറക്കുകയാണ് അഖില്‍ സത്യന്‍.
'അച്ഛന്റെ അടുത്ത സിനിമയായ 'ഞാന്‍ പ്രകാശന്റെ' ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഒരാഴ്ച മുന്‍പ് ഞാന്‍ നിവിനെ നേരിട്ടുകണ്ട് പാച്ചുവിന്റെ ഏകദേശരൂപം പറഞ്ഞ് കൈകൊടുത്ത് പിരിഞ്ഞു. പ്രകാശന്റെ നൂറാം ദിനാഘോഷം കഴിഞ്ഞ് കൃത്യം ഒരു മാസത്തിനുശേഷം നിവിനെ മാത്രം മനസ്സില്‍ കണ്ടുകൊണ്ട് തിരക്കഥ എഴുതിത്തുടങ്ങി. ഉമ്മച്ചി ഇറങ്ങിയ അതേ ഗോവ സ്റ്റേഷനില്‍, ഹംസധ്വനിക്കായി പാച്ചു ട്രെയിനില്‍നിന്ന് ചാടിയിറങ്ങുന്നത് എഴുതി അടിവരയിട്ടപ്പോള്‍ എന്റെ മനസ്സില്‍ പാച്ചുവിന്റെ മുഖത്ത് നിവിന്റെ മാത്രം ചിരിയായിരുന്നു. ഒരു സിനിമ അതിന്റെ വിധി സ്വയം നിശ്ചയിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു പിന്നീട് നടന്നത്. നിവിന്റെ തിരക്കുകളും എന്റെ തിടുക്കവും, പാകത്തിന് യാദൃച്ഛികതകളും ചേര്‍ന്നപ്പോഴാണ് പിന്നീട് ഫഹദ് ഫാസില്‍ പാച്ചുവായി മാറുന്നത്. 'സര്‍വ്വം മായ' എന്നല്ലാതെ എന്ത് പറയാന്‍', അഖില്‍ സത്യന്റെ വാക്കുകള്‍.