ഇഎംഐ അടക്കാന്‍ കഴിയുന്നില്ല, ജോലി രാജിവെച്ച ഐടി എഞ്ചിനീയര്‍ റാപിഡോ ബൈക്ക് ഡ്രൈവറായി കുടുംബം നോക്കുന്നൂ

08:34 AM Nov 26, 2025 | Raj C

നോയിഡ: ഐടി മേഖലയിലെ തൊഴില്‍ പ്രതിസന്ധി രൂക്ഷമാവുന്നു എന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഒരു ഐടി എഞ്ചിനീയറുടെ ജീവിതം. ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റിയില്‍ താമസിച്ചിരുന്ന ഈ യുവാവ് രണ്ട് മാസം മുമ്പ് ജോലി രാജിവെച്ച് മെച്ചപ്പെട്ട അവസരം തേടിയതാണ്. എന്നാല്‍, ഹയറിങ് മരവിപ്പും എഐ സാങ്കേതികവിദ്യയുടെ വരവും മൂലം പുതിയ ജോലി ലഭിച്ചില്ല. ഇപ്പോള്‍ വീടിന്റെ ഇഎംഐ അടയ്ക്കാന്‍ പറ്റാതെ വന്നതോടെ സ്വന്തം ഫ്‌ലാറ്റ് വാടകയ്ക്ക് കൊടുത്ത്, മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറി. ഭാര്യയെയും കുടുംബത്തെയും പോറ്റാന്‍ പാര്‍ട്ട് ടൈം റാപിഡോ റൈഡറായും ചില ഫ്രീലാന്‍സ് പ്രോജക്ടുകളും ചെയ്താണ് ഇപ്പോള്‍ ജീവിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ഉപഭോക്താവ് പങ്കുവെച്ച വീഡിയോയിലാണ് സുഹൃത്തിന്റെ ദുരവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒരു ഫ്‌ലാറ്റിന് 1 കോടി മുതല്‍ 2 കോടി വരെയാണ് വിലയെന്ന് ഇയാള്‍ പറയുന്നു. വാടക 35,000 വരെ ആവും. എന്റെ സുഹൃത്ത് ഇവിടെ ഭാര്യയോടൊപ്പം നല്ല ജീവിതം നയിച്ചിരുന്നു. ഇപ്പോള്‍ ജോലി ഇല്ലാത്തതിനാല്‍ സ്വന്തം ഫ്‌ലാറ്റ് വാടകയ്ക്ക് കൊടുത്ത് വേറെ വാടക വീട്ടില്‍ താമസം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഐടി ജോലിക്കാര്‍ നേരിടുന്ന പ്രതിസന്ധി വീണ്ടും ചര്‍ച്ചയായി.

ഇത് തുടക്കം മാത്രം. ധാരാളം പേര്‍ക്ക് ജോലി പോകുന്നത് കാണാം, ഇനി കൂടുതല്‍ പോകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഇന്ത്യയില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകും. വിദേശത്തേക്ക് പോകാന്‍ ചാന്‍സ് ഉണ്ടെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കരുത്. എഐ  വരുന്നതോടെ ഇത് വര്‍ദ്ധിക്കും. വീട്, കാര്‍ പോലെ വലിയ വാങ്ങലുകള്‍  ഒഴിവാക്കുക. ഇപ്പോള്‍ വീട് ലോണ്‍ ഉള്ളവര്‍ ഉടന്‍ തന്നെ വില്‍ക്കുക. ഉയര്‍ന്ന വിലയ്ക്ക് വിറ്റ് കൈയില്‍ കാശ് വെച്ച് ലോണ്‍ അടച്ച് സമാധാനമായി ഇരിക്കുന്നതാണ് നല്ലതെന്ന് പ്രതികരിച്ചവര്‍ പറയുന്നു.

നിലവില്‍ ഐടി മേഖലയില്‍ ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കാണ് ജോലി ഭീഷണി നേരിടുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോ ആ യാഥാര്‍ഥ്യത്തിന്റെ ഒരു ചെറു പ്രതിഫലനം മാത്രമാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.