+

ദക്ഷിണ കൊറിയക്ക് മേൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

ദക്ഷിണ കൊറിയക്ക് മേൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

സോൾ: ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നേ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്ക് ഒരുങ്ങുകയായിരുന്ന ദക്ഷിണ കൊറിയയിലേക്ക് ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അടക്കമുള്ള ലോകനേതാക്കൾ പ​ങ്കെടുക്കുന്ന ഉച്ചകോടിക്ക് ഒരാഴ്ച മുമ്പാണ് മിസൈലുകൾ വിക്ഷേപിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും മിസൈലുകൾ വിക്ഷേപിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

പ്യോങ്യാങ്ങിന് തെക്കുനിന്നുള്ള പ്രദേശത്തുനിന്നാണ് ഉത്തരകൊറിയ ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നത്. മിസൈലുകൾ ഏകദേശം 350 കിലോമീറ്റർ ദൂരം പറന്ന് കരയിൽ പതിച്ചിരിക്കാമെന്നാണ് സൈന്യത്തിന്റെ വിശദീകരണം. നേരത്തെ കടലിൽ പതിച്ചിരിക്കാമെന്നായിരുന്നു വിലയിരുത്തിയിരുന്നെങ്കിലും പിന്നീടത് തെറ്റാണെന്ന് സൈന്യം വ്യക്തമാക്കി.

അഞ്ച് മാസം മുമ്പാണ് ഉത്തരകൊറിയ അവസാനമായി ഹ്രസ്വദൂര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചത്. ഒരു ആണവായുധ രാഷ്ട്രം എന്ന നിലയിലുള്ള നീക്കങ്ങളാണിതെന്നും അതിൽ ആരും ഇടപെടേണ്ടെന്നും വിക്ഷേപണത്തെ തുടർന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകി. എന്നാൽ, കൂടുതൽ മിസൈൽ വിക്ഷേപണങ്ങൾ മുന്നിൽ കണ്ട് ആവശ്യമായ മുൻകരുതലെടുത്തിട്ടു​ണ്ടെന്ന് ദക്ഷിണ കൊറിയ ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചതായി യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു. 

facebook twitter