വീര സവര്‍ക്കര്‍ അല്ല, ഭീരു സവര്‍ക്കര്‍, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ ഭീരുവിനെ ഗാന്ധിക്ക് പകരംവെയ്ക്കുന്നു: സനോജ്

07:05 AM Aug 16, 2025 |


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ ഗാന്ധിജിക്ക് പകരം സവര്‍ക്കറെ പ്രതിഷ്ഠിച്ചതില്‍ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വി ഡി സവര്‍ക്കര്‍ വീര സവര്‍ക്കര്‍ അല്ലെന്നും ഭീരു സവര്‍ക്കറാണെന്നും വി കെ സനോജ് പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയ ഭീരുവാണ് സവര്‍ക്കര്‍. ആ ഭീരുവിനെയാണ് ഗാന്ധിക്ക് പകരംവെയ്ക്കുന്നത്. ആ ഭീരുവിന്റെ ചിത്രമാണ് പാര്‍ലമെന്റിന്റെ ചുമരില്‍ പതിപ്പിച്ചിരിക്കുന്നത്. സവര്‍ക്കറെ പലതരത്തിലും സംഘപരിവാര്‍ ആഘോഷിക്കുകയാണെന്നും വി കെ സനോജ് പറഞ്ഞു.

ഇന്ത്യ എന്ന ദേശീയതാ സങ്കല്‍പ്പത്തെ മതദേശീയതയായി ചിത്രീകരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും വി കെ സനോജ് പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എണ്ണമറ്റ പോരാട്ടങ്ങളാണ് നടന്നത്. മരിക്കുമെന്നറിഞ്ഞിട്ടും അതൊന്നും വകവെയ്ക്കാതെ പോരാട്ട മുഖങ്ങളില്‍ പലരും നിറഞ്ഞുനിന്നു. ആ പോരാട്ടത്തിന്റെ പോര്‍മുഖത്ത് ഒരു ആര്‍എസ്എസുകാരനെ പേരിന് മാത്രമായി പ്രതിഷ്ഠിക്കാന്‍ സാധിക്കുമോ എന്ന് സനോജ് ചോദിച്ചു. ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നാണ് രാജ്യം ഭരിക്കുന്നവര്‍ പറയുന്നത്. ഈ രാജ്യം ഹിന്ദുക്കളുടേത് മാത്രമെന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഹിന്ദു മതത്തില്‍പ്പെട്ട ആളുകള്‍ മാത്രം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണോ ഈ രാജ്യം ഈ രാജ്യമായി മാറിയത് എന്ന ചോദ്യം മതനിരപേക്ഷ വാദികള്‍ ഉയര്‍ത്തേണ്ട സമയമാണിതെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.

ഗാന്ധിജിക്ക് മുകളിലായി സവര്‍ക്കറെ പ്രതിഷ്ഠിച്ചുള്ള പോസ്റ്റര്‍ പുറത്തിറക്കിയ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു