കന്യാസ്ത്രീ വിഷയത്തില്‍ ബിജെപി ഓഫീസിലേക്ക് കേക്കുമായെത്തിയത് കേന്ദ്ര ഏജന്‍സികളെ തടയാനോ? ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ തട്ടിപ്പുകള്‍, അവയെല്ലാം ആവിയാകും

11:44 AM Aug 06, 2025 |


കൊച്ചി: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും മനുഷ്യക്കടത്തിനും മതംമാറ്റത്തിനും കേസെടുത്ത് ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാനമൊട്ടാകെ വലിയ പ്രതിഷേധമാണ് നടന്നത്.

സംഘപരിവാര്‍ സംഘടനയുടെ വര്‍ഗീയ അക്രമത്തിനെതിരെ സഭകളും രാഷ്ട്രീയ പാര്‍ട്ടികളും ഒത്തൊരുമിച്ച് രംഗത്തെത്തി. എന്നാല്‍, കന്യാസ്ത്രീകള്‍ മോചിതരായതിന്റെ പിന്നാലെ ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയെ പുകഴ്ത്തുകയും കേക്കുമായി ഓഫീസിലെത്തുകയും ചെയ്തത് വിമര്‍ശനത്തിനിടയാക്കി.

ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാരാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് എന്നിരിക്കെ ബിജെപിയെ പുകഴ്ത്തുകയും കേക്കുമായി ഓഫീസിലെത്തുകയും ചെയ്തത് കേന്ദ്ര ഏജന്‍സികളെ ഭയന്നാണെന്നാണ് വിലയിരുത്തല്‍. ബിലീവേഴ്‌സ് ചര്‍ച്ച്, മാര്‍ത്തോമ സഭ, സിഎസ്‌ഐ, സാല്‍വേഷന്‍ ആര്‍മി തുടങ്ങിയവയുടെ പ്രതിനിധികളാണ് ബിജെപി ഓഫീസിലെത്തിയത്.

ഇതില്‍ ബിലീവേഴ്‌സ് ചര്‍ച്ച് കോടികളുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍, വിദേശ ഫണ്ട് ദുരുപയോഗം, ഭൂമി ഇടപാടുകളിലെ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സഭയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍ എന്നിവയാണ് ഈ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

2017-ലാണ് ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആരംഭിച്ചത്. പ്രധാനമായും, വിദേശ ധനസഹായ നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ.) ലംഘനവുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. 2020-2021 കാലഘട്ടത്തില്‍, ഇ.ഡി.യും ഇന്‍കം ടാക്സ് വകുപ്പും ചര്‍ച്ചിന്റെ ആസ്ഥാനത്തും വിവിധ സ്ഥാപനങ്ങളിലും വ്യാപകമായ പരിശോധനകള്‍ നടത്തി.

ബിലീവേഴ്സ് ചര്‍ച്ചിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വിദേശത്ത് നിന്ന് ലഭിച്ച ഫണ്ടുകള്‍ എഫ്.സി.ആര്‍.എ. നിയമങ്ങള്‍ ലംഘിച്ച് ഉപയോഗിച്ചതായി ഇ.ഡി. കണ്ടെത്തി. വിദേശ ധനസഹായം, ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചെങ്കിലും, ഇത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, ആഡംബര വാഹനങ്ങള്‍ വാങ്ങല്‍, മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിച്ചതായി ആരോപണമുണ്ട്.

2020-ലെ പരിശോധനയില്‍, 1500 കോടി രൂപയോളം വരുന്ന സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും ബിലീവേഴ്സ് ചര്‍ച്ച് വന്‍തോതില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടു. ചില ഭൂമി ഇടപാടുകള്‍ ബിനാമി പേര് ഉപയോഗിച്ച് നടത്തിയതായും, ഈ ഇടപാടുകള്‍ക്ക് വിദേശ ഫണ്ടുകള്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്.

ഇന്‍കം ടാക്സ് വകുപ്പിന്റെ പരിശോധനയില്‍, ചര്‍ച്ചിന്റെ വിവിധ ട്രസ്റ്റുകളുടെ അക്കൗണ്ടുകളില്‍ വ്യക്തതയില്ലായ്മ കണ്ടെത്തി. നികുതി ഇളവ് ലഭിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പേര് ദുരുപയോഗം ചെയ്ത് വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തിയതായും ആരോപിക്കപ്പെട്ടു.

ചര്‍ച്ചിന്റെ നേതൃത്വത്തിന്റെ ആഡംബര ജീവിതശൈലി, വിദേശ യാത്രകള്‍ എന്നിവയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇവയ്ക്ക് ധനസഹായം നല്‍കിയത് വിദേശ ഫണ്ടുകളാണെന്നാണ് ഏജന്‍സികളുടെ ആരോപണം.

ബിലീവേഴ്സ് ചര്‍ച്ചിനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ഇ.ഡി.യും ഇന്‍കം ടാക്സ് വകുപ്പും ചര്‍ച്ചിന്റെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്.സി.ആര്‍.എ. ലംഘനവുമായി ബന്ധപ്പെട്ട് ചില ട്രസ്റ്റുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ടു.

ചര്‍ച്ചിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ചില ഭൂമി ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു.

കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പി.യ്ക്ക് അനുകൂലമാക്കാന്‍ ചര്‍ച്ച് ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര ഏജന്‍സികളുടെ നടപടികളില്‍ നിന്ന് രക്ഷപ്പെടാനായാണ് ബി.ജെ.പി. നേതാക്കളുമായി ബലീവേഴ്‌സ് ചര്‍ച്ച് സൗഹൃദം സ്ഥാപിക്കുന്നത് എന്ന് സ്വാഭാവികമായും സംശയിക്കാവുന്നതാണ്.