+

മകളുടെ പ്രണയം എതിര്‍ത്തു ; 34 കാരിയെ കൊന്നത് മകളും നാലു സുഹൃത്തുക്കളും ചേര്‍ന്ന് ; ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനും ശ്രമം

കൊലപാതകത്തിനു ശേഷം ആത്മഹത്യയായി ചിത്രീകരിക്കാനും മകളും സുഹൃത്തുക്കളും ശ്രമിച്ചതായി സുബ്രഹ്‌മണ്യപുര പൊലീസ് പറഞ്ഞു. പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണ്.

ബെംഗളൂരുവില്‍ 34 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത മകളുടെ പ്രണയബന്ധം എതിര്‍ത്തതോടെയാണ് മകളും നാല് സുഹൃത്തുക്കളും ചേര്‍ന്ന് നേത്രാവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. സംഭവത്തില്‍ മകളടക്കം അഞ്ച് പേര്‍ കസ്റ്റഡിയിലായി. സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. കൊലപാതകത്തിനു ശേഷം ആത്മഹത്യയായി ചിത്രീകരിക്കാനും മകളും സുഹൃത്തുക്കളും ശ്രമിച്ചതായി സുബ്രഹ്‌മണ്യപുര പൊലീസ് പറഞ്ഞു. പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണ്. 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. 


ഒക്ടോബര്‍ 24-നായിരുന്നു സംഭവം. സംഭവ ദിവസം രാത്രി മകളെ മുറിയില്‍ നാല് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നേത്രാവതി കണ്ടതോടെയാണ് കൊലപാതകം നടന്നത്. മകളുടെ ആണ്‍ സുഹൃത്തും മറ്റു മൂന്നുപേരും വീണ്ടും നേത്രാവതിയുടെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്ന നേത്രാവതി ഉണര്‍ന്നപ്പോള്‍ ഇവരെ കാണുകയും പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി ഇവര്‍ രക്ഷപ്പെട്ടു. ആദ്യം ആത്മഹത്യയായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, നേത്രാവതിയുടെ സഹോദരി അനിതയ്ക്ക് തോന്നിയ സംശയമാണ് സത്യം പുറത്തുവരാന്‍ കാരണം. ഞായറാഴ്ച നേത്രാവതിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ എത്തിയപ്പോ വീട് പൂട്ടിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി ഇയാള്‍ തിരിച്ചുപോയി. വീട് പൂട്ടിക്കിടക്കുന്ന കാര്യം സഹോദരിയെ അറിയിച്ചു. 

തിങ്കളാഴ്ച ഇരുവരും വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് നേത്രാവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ, നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് കേസും രജിസ്റ്റര്‍ ചെയ്തു. മകളെ കാണാത്ത മനോവിഷമത്തില്‍ നേത്രാവതി ജീവനൊടുക്കിയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒക്ടോബര്‍ 30-ന് പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ തിരിച്ചെത്തുകയും അസ്വഭാവികമായി പെരുമാറുകയും ചെയ്തതോടെ സംശയമായി. തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി എല്ലാം സമ്മതിച്ചു. സംഭവത്തിന് ശേഷം പെണ്‍കുട്ടി മൂന്ന് ദിവസം മറ്റൊരു പെണ്‍സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. അമ്മ പുറത്താക്കി എന്നായിരുന്നു പറഞ്ഞത്. എന്നാല്‍, സംശയത്തെത്തുടര്‍ന്ന് അവിടെനിന്ന് പെണ്‍കുട്ടിയെ ഇറക്കിവിട്ടപ്പോഴാണ് മുത്തശ്ശിയുടെ വീട്ടിലെത്തിയത്.

facebook twitter