ക്യാപ്റ്റന് പകരം ക്യാപ്റ്റന്‍ മാത്രം, പകരമാകാന്‍ നോക്കണ്ട: വിജയ്‌ക്കെതിരെ വീണ്ടും പ്രേമലത വിജയകാന്ത്

08:20 AM Aug 25, 2025 | Suchithra Sivadas

2026ലെ തമിഴ്നാട് നിയസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണം നടത്തുന്ന നടനും ടിവികെ നേതാവുമായ വിജയ്ക്ക് എതിരെ നടന്‍ വിജയകാന്തിന്റെ ഭാര്യ പ്രേമലത. ചെങ്കല്‍പ്പേട്ട് നടന്ന ഡിഎംഡികെയുടെ പ്രചാരണ പരിപാടിയിലാണ് വിജയ്ക്കെതിരെ പ്രേമലത വിജയകാന്ത് രംഗത്തെത്തിയത്. ക്യാപ്റ്റന് പകരം ക്യാപ്റ്റന്‍ മാത്രം, അദ്ദേഹത്തിന് പകരമാകാന്‍ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു പ്രേമലത വ്യക്തമാക്കിയത്. മധുരയില്‍ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാനത്തില്‍ വിജയ് നടത്തിയ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു പ്രേമലത.

സിനിമയിലും രാഷ്ട്രീയത്തിലും നമ്മുടെ പ്രിയപ്പെട്ട നേതാവ് എംജിആറാണെന്നും തനിക്ക് അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും എന്റെ സഹോദരന്‍(അണ്ണന്‍) വിജയകാന്തിനൊപ്പം അത്തരത്തില്‍ ഒരുപാട് അവസരം ലഭിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞിരുന്നു. ഒപ്പം എംജിആറിന്റെ അതേ ഗുണമുള്ള വ്യക്തിയാണ് വിജയകാന്തെന്ന പരാമര്‍ശവും നടത്തിയിരുന്നു. ഇതിന് പിന്നാലെ വിജയ്യെ വിമര്‍ശിച്ച് എന്‍ടികെ നേതാവ് സീമന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനാണ് വിജയ് വിജയകാന്തിന്റെ പേരുപയോഗിച്ചതെന്നും വിജയകാന്ത് അസുഖ ബാധിതതനായ സമയം വിജയ് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും സീമന്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഡിഎംഡികെ ക്യാമ്പയിനില്‍ പ്രേമലത വിജയകാന്ത് വിജയ്യെ വിമര്‍ശിച്ച് രംഗത്തെത്തിയത്.