ന്യൂഡൽഹി : ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നത് പാകിസ്താനാണെന്ന് ഓപറേഷൻ സിന്ദൂർ ലോകരാജ്യങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരരുടെ കേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചത്. പിന്നാലെ, പാകിസ്താൻ ഇന്ത്യയിലെ സാധാരണക്കാർക്കെതിരെ തിരിയുന്നതാണ് കണ്ടത്. ഇതിലൂടെ, ഭീകരാക്രണമത്തിനുപിന്നിൽ തങ്ങളായിരുന്നുവെന്ന് അവർ തെളിയിച്ചു. ഇന്ത്യൻ സേന ആ നീക്കം പൂർണമായും തകർത്തതായും അമിത് ഷാ വ്യക്തമാക്കി. അതിർത്തി രക്ഷാ സേനയുടെ (ബി.എസ്.എഫ്) ചടങ്ങിനോടനുബന്ധിച്ച് റുസ്തംജി സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ഷാ.
പാകിസ്താൻ ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വെച്ചു. എന്നാൽ, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാങ്ങൾക്കുമുന്നിൽ വിജയിക്കാൻ അവർക്കായില്ല. ജനങ്ങളെ ലക്ഷ്യം വെച്ചതിന്റെ മറുപടിയായി സേന പാക് വ്യോമതാവളങ്ങൾ തകർത്തു. സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ, ഉറിയിൽ സൈനികർക്കുനേരെ തീവ്രവാദ ആക്രമണം നടന്നു. പകരം സർജിക്കൽ സ്ട്രൈക്കിലൂടെ സൈന്യം പാകിസ്താനെതിരെ തിരിച്ചടിച്ചു. പുൽവാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിൽ വ്യോമാക്രമണം നടത്തി. ഇപ്പോൾ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കുനേരെ മതം ചോദിച്ച് നടത്തിയ ആക്രമണത്തിന് മറുപടിയായി ‘ഓപറേഷൻ സിന്ദൂർ’ നടപ്പിലാക്കി.
ലോകം മുഴുവൻ ഇന്ത്യയുടെ പ്രത്യാക്രമണത്തെ അഭിനന്ദിക്കുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് പാക് സ്പോൺസേഡ് തീവ്രവാദത്തിന് കൃത്യമായ മറുപടി നൽകിത്തുടങ്ങിയതെന്നും ഷാ പറഞ്ഞു.- അതേസമയം ഇന്ത്യ - പാക് വെടിനിർത്തൽ ധാരണയിൽ അമേരിക്കൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചു.