1999ൽ ദിനേശ് ബാബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ജാംഗിയാനി, വിനീത് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. വീണ എന്ന കഥാപാത്രമായി പ്രീതിയെത്തിയപ്പോൾ വിജയ് കൃഷ്ണൻ ആയി വിനീതുമെത്തി. ഇപ്പോഴിതാ പ്രീതിയെ വർഷങ്ങൾക്കു ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്.
ദുബായിൽ വെച്ചാണ് വിനീതും പ്രീതിയും അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത്. ചിത്രങ്ങൾക്കൊപ്പം മനോഹരമായ കുറിപ്പും വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'വൗ! പ്രീതി ജാംഗിയാനിയുമായി വളരെ സർപ്രൈസ് ആയ കണ്ടുമുട്ടൽ. മഴവില്ലിലെ ഒരുപാട് നല്ല ഓർമ്മകൾ തിരിച്ചുകൊണ്ടുവന്ന കണ്ടുമുട്ടൽ', വിനീത് കുറിച്ചു.
ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരത്തിനൊപ്പമുള്ള വിനീതിന്റെ ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ്. ഇരുവർക്കുമൊപ്പം കുഞ്ചാക്കോ ബോബനും കൂടി വേണമായിരുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
ഭർത്താവിനെ ഏറെ സ്നേഹിക്കുന്ന വളരെ നിഷ്കളങ്കയായ ഒരു പെൺകുട്ടിയായിട്ടാണ് മഴവില്ലിൽ 'വീണ' എന്ന കഥാപാത്രത്തെ പ്രീതി അവതരിപ്പിച്ചിരിക്കന്നത്. കുഞ്ചാക്കോ ബോബനും പ്രീതിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വില്ലൻ കഥാപാത്രമാണ് വിനീത് മഴവില്ലിൽ എത്തിയത്.
പ്രശസ്തയായ മോഡലും ബോളിവുഡ് നടിയുമാണ് പ്രീതി. തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈയിലാണ് പ്രീതി താമസിക്കുന്നത്. ഓസ്ട്രിയ എന്ന ലൊക്കേഷനാണ് തന്നെ മഴവില്ല് എന്ന സിനിമയിലേക്ക് ആകർഷിച്ചതെന്ന് പ്രീതി ഒരു അഭിമുഖത്തിൽ മുമ്പ് പറഞ്ഞിട്ടുണ്ട് ഇപ്പോൾ സംരംഭക കൂടിയാണ് പ്രീതി