പാകിസ്താനെതിരായ ‘ഓപറേഷൻ സിന്ദൂർ’ പരമ്പരാഗത യുദ്ധമായിരുന്നില്ലെന്നും അത് ശത്രുവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന പ്രവചനാതീതമായ ‘ഗ്രേ സോൺ’ എന്ന അവസ്ഥയിലെ ചതുരംഗക്കളിക്ക് തുല്യമായ ദൗത്യമായിരുന്നെന്നും എവിടെയോ ഞങ്ങൾ അവർക്ക് ‘ചെക്ക്മേറ്റ്’ നൽകുകയായിരുന്നെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. മദ്രാസ് ഐ.ഐ.ടിയിലെ ഇന്ത്യൻ ആർമി റിസർച് സെൽ (ഐ.എ.ആർ.സി) ആയ ‘അഗ്നിശോധ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ 22ന് പഹൽഗാമിൽ സംഭവിച്ചത് രാജ്യത്തെ ഞെട്ടിച്ചു. എന്തു ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കുകയെന്ന് പറഞ്ഞ രാഷ്ട്രീയ നേതൃത്വം മൂന്നു സൈനിക മേധാവികൾക്കും സ്വതന്ത്രമായ നടപടികൾ കൈക്കൊള്ളാൻ അനുവദിച്ചു. ഇതു തങ്ങളുടെ മനോധൈര്യം വർധിപ്പിച്ചു. ഓപറേഷൻ സിന്ദൂർ സാധാരണ ദൗത്യങ്ങളിൽ വ്യത്യസ്തമായിരുന്നു. അവരെ നിരീക്ഷിക്കുന്നതോടൊപ്പം തങ്ങളുടെ ഭാഗത്ത് ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയും കണക്കുകൂട്ടിയിരുന്നു. പാകിസ്താനിൽ നശിപ്പിക്കപ്പെട്ട ഒമ്പത് ലക്ഷ്യങ്ങളിൽ ഏഴും തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു.
ഓപറേഷൻ സിന്ദൂർ എന്ന പേര് മുഴുവൻ രാജ്യത്തെയും ഉത്തേജിപ്പിച്ച ഒന്നാണ്. അതുകൊണ്ടാണ് എന്തിനാണ് സൈനിക നടപടി ഉടനടി നിർത്തിയതെന്ന് രാജ്യം ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഐ.ഐ.ടിയിൽ തുടങ്ങിയ ‘അഗ്നിശോധ്’ എന്ന സംരംഭം അഡിറ്റീവ് മാനുഫാക്ചറിങ്, സൈബർ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിങ്, വയർലസ് കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ സൈനിക ഉദ്യോഗസ്ഥരുടെ നൈപുണ്യം വർധിപ്പിക്കുന്നതിനും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ഒരു സേനയെ വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിടുന്നതാണ്.