കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്

06:21 AM Aug 02, 2025 | Suchithra Sivadas

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാഹര്‍ജിയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍ ഐഎ കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഉത്തരവ് പറയുന്നത്.

മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കന്യാസ്ത്രീകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സില്‍ മതപരിവര്‍ത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂര്‍ണമായ രേഖകളും ഉണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകന്‍ അമൃതോ ദാസ് അറിയിച്ചത്. വാദം പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്.