വണ്ണം കൂടുതലെന്ന ചിന്ത, യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം; ബിരുദ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

07:05 PM Mar 09, 2025 | Kavya Ramachandran

കണ്ണൂര്‍: യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിനെതുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ആണ് മരിച്ചത്.

തലശ്ശേരി സഹകരണ ആസ്പത്രിയില്‍ അത്യാഹിതവിഭാഗത്തിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്ന് കരുതുന്നു. ഡോക്ടറുടെ പ്രതികരണം ലഭ്യമായില്ല.

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പഠനത്തില്‍ മിടുക്കിയായിരുന്നു. അച്ഛന്‍: ആലക്കാടന്‍ ശ്രീധരന്‍. അമ്മ: എം. ശ്രീജ (മെരുവമ്പായി എം.യു.പി. സ്‌കൂള്‍ ജീവനക്കാരി). സഹോദരന്‍: യദുനന്ദ്.