
നിലേശ്വരം :പടന്നക്കാട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ് ശിക്ഷയും വിധിച്ച് ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി. രണ്ടാം പ്രതിയും പി എ സലീമിന്റെ സഹോദരിയുമായ സുവൈബയ്ക്ക് കോടതി പിരിയുന്നത് വരെ തടവും 1000 രൂപ പിഴയും വിധിച്ചു.
ശനിയാഴ്ച ഹോസ്ദുർഗ് പോക്സോ അതിവേഗ കോടതി ഒന്നാംപ്രതി പിഎ സലീമും , സഹോദരിയും രണ്ടാം പ്രതിയുമായ സുവൈബയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2024 മെയ് മാസത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ പ്രതി പി എ സലീം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കുട്ടിയുടെ സ്വർണ്ണ കമ്മൽ കവർന്ന് പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
രണ്ടാംപ്രതിയാണ് മോഷണ വസ്തു കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിറ്റത്. സംഭവം നടന്ന് 39 ദിവസത്തിന് ശേഷം 300 പേജ് ഉള്ള കുറ്റപത്രം ആണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. 67 സാക്ഷി മൊഴികളും, 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയായിരുന്നു കുറ്റപത്രം. കാമാസക്തിക്കായി തട്ടിക്കൊണ്ടുപോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ചു കയറുക തുടങ്ങിയ വകുപ്പുകളാണ് പ്രതിയായ പി എ സലീമിനെതിരെ പൊലീസ് ചുമത്തിയിരുന്നത്.