ഇന്ന് പാകിസ്ഥാൻ ഇന്ത്യയെ വളരെയധികം ഭയപ്പെടുന്നു : അമിത് ഷാ

03:35 PM May 18, 2025 | Neha Nair

ഇന്ത്യയെ വികസിതമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒട്ടും സമയംപാഴാക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ മോദി ചെയ്തിട്ടുണ്ടെന്നും, 2014 ന് മുമ്പ്, ഭീകരാക്രമണങ്ങൾ കൂടുതലായിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

നമ്മുടെ വ്യോമ പ്രതിരോധ സംവിധാനം വളരെ ശക്തമാണെന്നും, ഇന്ന് പാകിസ്ഥാൻ ഇന്ത്യയെ വളരെയധികം ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത് പ്രധാനമന്ത്രി മോദിയാണെന്നും അമിത് ഷാ വ്യക്തമാക്കി. ഉറിയിൽ ആക്രമണം നടന്നപ്പോൾ, സർജിക്കൽ സ്ട്രൈക്ക് നടത്തി പ്രതീകാത്മക മറുപടി നൽകിയെന്ന് അമിത് ഷാ പറഞ്ഞു.

പുൽവാമയിൽ ആക്രമണം നടന്നപ്പോൾ, വ്യോമാക്രമണം നടത്തി മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ പാകിസ്ഥാൻ ഭീകരർ അവരുടെ വഴികൾ തിരുത്താതെ പഹൽഗാമിനെ ആക്രമിച്ചു. ഇത്തവണ അവരുടെ ആസ്ഥാനം ഓപ്പറേഷൻ സിന്ദൂരിലൂടെ നശിപ്പിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശകലനം ചെയ്യുമ്പോൾ, അവർ അത്ഭുതപ്പെടുന്നുവെന്നും അമിത് ഷാ പറഞ്ഞു.