പാകിസ്താനൊപ്പം ഉറച്ച് നിൽക്കും : ചൈന

06:47 PM May 12, 2025 |


ശ്രീനഗർ: പാകിസ്താന് പിന്നിൽ ഉറച്ചുനിൽക്കുമെന്ന പ്രസ്താവനയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. പാകിസ്താന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും ദേശീയ സ്വാതന്ത്ര്യവും ഉയർത്തിപിടിക്കാൻ രാജ്യത്തി​നൊപ്പം ഉറച്ചുനിൽക്കുമെന്ന് ചൈന വ്യക്തമാക്കി.

പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷ്‍ക് ധറുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ചൈന ഇക്കാര്യ അറിയിച്ചത്. പാകിസ്താൻ ചൈനയുടെ തന്ത്രപ്രധാന പങ്കാളിയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.

പാക്കിസ്ഥാന്റെ സംയമനത്തെ ചൈന അംഗീകരിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഉത്തരവാദിത്തത്തോടെ പെരുമാറിയ സമീപനത്തെ അഭിനന്ദിക്കുന്നുവെന്നും വാങ് യി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായും ഇഷാഖ് ധർ സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ അവകാശവാദത്തിന് പിന്നാലെ, വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും രംഗത്തെത്തിയിരുന്നു. വൈകീട്ട് ആറിന് ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‍രിയാണ് ഇക്കാര്യം അറിയിച്ചത്.

പാക് ഉപപ്രധാനമന്ത്രി ഇഷാക് ധറും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കര, നാവിക, വ്യോമ സൈനിക നടപടികളെല്ലാം നിർത്തിവെച്ചു. എന്നാൽ, ഇതിന് പിന്നാലെ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ ആക്രമണം ഉണ്ടായിരുന്നു.