ജമ്മുവില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍ ; നഗരങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു

04:51 AM May 09, 2025 | Suchithra Sivadas

ജമ്മുവിലെ പല ഭാഗങ്ങളില്‍ ആക്രമണം നടത്തി പാകിസ്താന്‍. അന്താരാഷ്ട്ര അതിര്‍ത്തിയും നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളുമായ ആര്‍എസ് പുര, അര്‍ണിയ, സാംബ, ഹിരനഗര്‍ എന്നിവിടങ്ങളില്‍ ഷെല്ലാക്രമണം നടക്കുകയാണ്.

രാത്രി ഒമ്പത് മണിക്ക് മുമ്പായി വലിയ ശബ്ദത്തില്‍ സ്ഫോടനം നടക്കുകയായിരുന്നു. ഉടന്‍ തന്നെ സൈറണ്‍ മുഴങ്ങുകയും ജമ്മുവിലെ നഗരങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ജമ്മു വിമാനത്താവളത്തിലും എയര്‍സ്ട്രിപ്പിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണം നടന്നയുടന്‍ തന്നെ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളെ തടസപ്പെടുത്തി. മിസൈലുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തില്‍ ഉയര്‍ന്ന വെളിച്ചം പ്രദേശവാസികള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മുവിലെ പല ഭാഗത്തും മൊബൈല്‍ സേവനം റദ്ദാക്കിയിട്ടുണ്ട്. ജമ്മുവിന് പുറമേ ശ്രീനഗര്‍, ഉദംപുര്‍, അഗേനൂര്‍, പഠാന്‍കോട്ട്, സാംബ, ഫിറോസെപുര്‍, ഗുര്‍ദാസ്പൂര്‍ എന്നിവിങ്ങളിലും രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ അതിര്‍ത്തികളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.