അമൃത്സർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു പാകിസ്ഥാൻ പൗരനെ ബി.എസ്.എഫ്. (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) അറസ്റ്റ് ചെയ്തു. അമൃത്സറിലെ ഷാപൂർ അതിർത്തി പോസ്റ്റിൽ വെച്ചാണ് 65 വയസ്സുകാരനായ ലാഹോർ സ്വദേശിയെ സൈന്യം പിടികൂടിയത്. ഇയാളിൽ നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, കുറച്ച് പണം മാത്രമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്നും അധികൃതർ അറിയിച്ചു. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഈ മാസം ആദ്യം, അമൃത്സർ ജില്ലയിലെ ദാരിയ മൻസൂർ അതിർത്തി ഔട്ട്‌പോസ്റ്റിന് കീഴിൽ നിന്ന് ഒരു പാകിസ്ഥാൻ പൗരനെ ബി.എസ്.എഫിൻ്റെ 117-ാം ബറ്റാലിയൻ സമാനമായ രീതിയിൽ കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇയാളിൽ നിന്ന് പാകിസ്ഥാൻ കറൻസിയും തിരിച്ചറിയൽ കാർഡും കണ്ടെത്തിയിരുന്നു. ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അതിർത്തിയിലെ നിരീക്ഷണം ബി.എസ്.എഫ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.