അട്ടപ്പാടിയുടെ സമഗ്ര വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്

07:49 PM Jul 29, 2025 | AVANI MV

പാലക്കാട്  :അട്ടപ്പാടിയുടെ സമഗ്ര വികസനത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയും അതിനാവശ്യമായമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിച്ച അഗളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ അഗളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ചിട്ടുള്ള ഫണ്ട് ഒന്‍പത് കോടി രൂപയാണെന്നും, സ്‌കൂളിന് മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍  എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് സനോജ്, ബ്ലോക്ക് മെമ്പര്‍മാരായ കാളിയമ്മ, വാര്‍ഡ് മെമ്പര്‍ കണ്ണമ്മ, പ്രിന്‍സിപ്പല്‍ കെ വി ചിന്നു, പിടിഎ പ്രസിഡന്റ് മുഹമ്മദ് ജാക്കിര്‍, എസ് എസ് കെ ജില്ല പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ ജയപ്രകാശ്, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.