+

പ്രധാനമന്ത്രി തമാശ പറഞ്ഞപ്പോള്‍ തര്‍ജ്ജമ അതിലും തമാശ, നിലവാരമില്ലാത്തതെന്ന് മുരളി തുമ്മാരുകുടി, ഒരബന്ധം പറ്റിയതാണെന്ന് പരിഭാഷകന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിന്റെ തര്‍ജ്ജമ നിലവാരമില്ലാത്തതാണെന്ന് പരക്കെ വിമര്‍ശനം.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിന്റെ തര്‍ജ്ജമ നിലവാരമില്ലാത്തതാണെന്ന് പരക്കെ വിമര്‍ശനം. പ്രധാനമന്ത്രി തമാശ പറഞ്ഞപ്പോള്‍ വേദിയിലിരിക്കുന്ന ആരും ചിരിക്കാതിരുന്നത് പരിഭാഷകന്റെ പിഴവായി മാറി. ബിജെപി അനുഭാവിയായ പള്ളിപ്പുറം ജയകുമാറാണ് പരിഭാഷകന്‍. പ്രസംഗം ശരിയായി കേള്‍ക്കാന്‍ പറ്റിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരിഭാഷ നിലവാരമില്ലാത്തതാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിയും ചൂണ്ടിക്കാട്ടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പ്രധാനമന്ത്രിയുടെ പ്രസംഗവും തര്‍ജ്ജുമയും
വിഴിഞ്ഞത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്നു. പ്രധാനമന്ത്രി ഒന്നോ രണ്ടോ വാചകങ്ങള്‍ പറഞ്ഞതിന് ശേഷം അതിന്റെ  മലയാള പരിഭാഷ പറയുന്നതായിരുന്നു  രീതി.

പ്രസംഗങ്ങള്‍ തത്സമയം തര്‍ജ്ജുമ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും പ്രധാനമന്ത്രി പോലുള്ള ഒരാള്‍ സംസാരിക്കുമ്പോള്‍. പക്ഷെ എനിക്കറിയാവുന്നിടത്തോളം ഇത്തരം പ്രസംഗങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതാണ്. അതുകൊണ്ട് അല്പം കാലേക്കൂട്ടി തയ്യാറെടുക്കാന്‍ സാധിക്കുന്നതുമാണ്.
അതുകൊണ്ട് തന്നെ ഇത്തവണത്തെ തര്‍ജ്ജുമ ഒട്ടും നിലവാരം ഇല്ലാത്തതായി പോയി എന്നെനിക്ക് തോന്നി. അനവധി  പദങ്ങള്‍ ഹിന്ദിയില്‍ നിന്നും ഇംഗ്‌ളീഷിലേക്കാണ്  തര്‍ജ്ജുമ ചെയ്തത്. മലയാളത്തില്‍ വാക്കുകള്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത 'ളൃശലിറ,െ ലാുഹീ്യാലി,േ ശിളൃമേെൃൗരൗേൃല, വെശു യൗശഹറശിഴ' എന്നിങ്ങനെ ഉള്ള വാക്കുകള്‍ പോലും ഇംഗ്‌ളീഷിലേക്ക് ആണ് തര്‍ജ്ജുമ ചെയ്തത്.

മുപ്പത് വര്‍ഷമായി ഗുജറാത്തില്‍ തുറമുഖങ്ങള്‍ നിര്‍മ്മിച്ചിട്ടും വിഴിഞ്ഞം പോലെ ഒന്ന് അവിടെ ഉണ്ടാക്കിയില്ല എന്നതില്‍ അവിടുത്തെ ആളുകള്‍ക്ക് അദാനിയോട് ദേഷ്യം വരുമെന്ന് പ്രധാനമന്ത്രി തമാശപറഞ്ഞതിന്റെ പരിഭാഷ അതിനോട് നീതി പുലര്‍ത്തിയില്ല.

അതുപോലെ തന്നെ മൂന്നു വ്യത്യസ്ത പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാനമന്ത്രി, മുഖ്യമന്ത്രി, ശശി തരൂര്‍, ഇവര്‍ ഒത്തൊരുമിച്ചാണ് ഈ പരിപാടിക്കെത്തിയിരിക്കുന്നത്   എന്നുദ്ദേശിച്ച് പറഞ്ഞ വാക്യത്തിന്റെ   പരിഭാഷ 'എയര്‍ ലൈനെ പറ്റിയുള്ള പരാതികള്‍ ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്' എന്നോ മറ്റോ പറഞ്ഞത്  എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരു പക്ഷെ എഴുതി വച്ചിരുന്ന വരിയില്‍ നിന്നും മാറി പ്രധാനമന്ത്രി സംസാരിച്ചതാകാം കാരണം. അങ്ങനെ എഴുതി വായിച്ചതായിരുന്നു പരിഭാഷയെങ്കില്‍ ആദ്യം പറഞ്ഞത് പോലെ കൃത്യമായ മലയാളം വാക്കുകള്‍ ഉപയോഗിക്കാതിരുന്നത് കൂടുതല്‍ മോശമായി.
ഭാവിയില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്.

സത്യത്തില്‍ ഇപ്പോള്‍ നിര്‍മ്മിത ബുദ്ധിക്ക് മനുഷ്യര്‍ ചെയ്യുന്നതിലും വേഗത്തിലും കൃത്യതയിലും പരിഭാഷ സാധ്യമാണ്. താമസിയാതെ ഇത് കേരളത്തില്‍ എത്തുമെന്ന് കരുതാം.

ചടങ്ങിന് ചേര്‍ന്ന നല്ല പ്രസംഗം ആയിരുന്നു പ്രധാനമന്ത്രിയുടേത്.
പ്രധാമന്ത്രി പറഞ്ഞത് പോലെ
നമുക്കൊരുമിച്ച് ഒരു വികസിത കേരളം പടുത്തുയര്‍ത്താം
ജയ് കേരളം, ജയ് ഭാരതം

 

Trending :
facebook twitter