
തിരുവല്ല : എംസി റോഡിലെ തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുടർന്ന് മോഷണം. തിരുമൂലപുരത്ത് പ്രവർത്തിക്കുന്ന അമ്പാടിയിൽ ബേക്കറി ആൻഡ് കഫേയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിൻറെ പ്രധാന ഷട്ടറിന്റെ താഴെ തകർത്ത് അകത്തു കയറിയ യുവാക്കൾ അടങ്ങുന്ന അഞ്ചംഗ മോഷണസംഘം പണം അടങ്ങുന്ന മേശയിൽ ഉണ്ടായിരുന്ന ആറായിരത്തോളം രൂപ കവർന്നു.
ഇന്ന് രാവിലെ എട്ടരയോടെ ജീവനക്കാരനായ സുരേന്ദ്രൻ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻതന്നെ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും വിവരം അറിയിച്ചു. തുടർന്ന് സ്ഥാപന ഉടമ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഷട്ടറിന്റെ താഴ് തകർത്ത് സംഘം ബേക്കറിക്കുള്ളിൽ കയറിയ മഴക്കോട്ടും തൊപ്പിയും ധരിച്ച് സംഘം പണം പരത്തുന്ന സിസി ടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഇതിൻറെ മറവിൽ ആവാം മോഷണം എന്ന് അനുമാനിക്കുന്നതായും സ്ഥാപനത്തിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.