പത്തനംതിട്ട: ആന്താലിമണ്ണിൽ യുവാക്കളെ അതിക്രൂരമായ മർദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾക്കെതിരായ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ദേഹത്ത് ബാധ കയറിയ പോലെയായിരുന്നു ദമ്പതികളുടെ പെരുമാറ്റമെന്ന് മര്‍ദനത്തിന് ഇരയായ യുവാവ് റിപ്പോർട്ടറിനോട് പറഞ്ഞു. ജയേഷ് സുഹൃത്തും സഹപ്രവർത്തകനുമാണെന്നും ഭാര്യ രശ്മിയെ പരിചയമുണ്ടെന്നും യുവാവ് പറഞ്ഞു.
"വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണ്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നത് പോലെയാണ് എത്തിയത്. സംസാരിക്കുന്നതിനിടിയിൽ പെട്ടെന്ന് പെപ്പർ സ്പ്രേ അടിച്ചു. അപ്രതീക്ഷിതമായി കൈകെട്ടി പിന്നീട് കയറിൽ കെട്ടിത്തൂക്കുകയും മര്‍ദിക്കുകയും ചെയ്തു. അവരെന്തോ ആഭിചാരക്രിയകളൊക്കെ ചെയ്യുന്നുണ്ടായിരുന്നു.
ബാധകേറുന്ന പോലെയായിരുന്നു. പരസ്പരം തൊഴുതു. എന്തൊക്കെയോ ആണ് അവർ സംസാരിച്ചത്. എന്റെ മുറിവിൽ അവർ പെപ്പർ സ്പ്രേ അടിച്ചു. തിരുവോണത്തിന് വൈകീട്ടായിരുന്നു സംഭവം. ഒന്നര മണിക്കൂറോളം ഉപദ്രവിച്ചു. പറഞ്ഞത് കേട്ടില്ലെങ്കിൽ കൊല്ലുമെന്നാണ് പറഞ്ഞത്. സംഭവം പുറത്തുപറഞ്ഞാൽ വീട്ടുകാരെ തീർക്കും എന്ന് ഭീഷണിപ്പെടുത്തി.
അപകടം എന്നേ പറയാവൂവെന്നും പറഞ്ഞു. ദൃശ്യങ്ങൾ പ്രതികളുടെ കയ്യിലുണ്ട്. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു." യുവാവ് പറഞ്ഞു. സംഭവത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു.
പ്രതികൾക്ക് മനോവൈകല്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിലാണ് 23 സ്റ്റാപ്ലർ പിന്നുകൾ അടിച്ചത്. രശ്മിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത ശേഷമാണ് ദമ്പതികൾ യുവാവിനെ മർദിച്ചതെന്നാണ് വിവരം. യുവാവിന്റെ പക്കൽ നിന്നും പണവും ഐഫോണും അടക്കമുള്ള സാധനങ്ങൾ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു.
പ്രതികൾ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയിൽ മറ്റൊരാളെക്കൂടി ഇവർ ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ തിരുവോണത്തിനാണ് യുവാവിന് യുവ ദമ്പതികളിൽ നിന്ന് ക്രൂര മർദനം ഏൽക്കേണ്ടി വന്നത്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള യുവാവിന് പുറമെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള മറ്റൊരു യുവാവിനും സമാന അനുഭവം നേരിട്ടിരുന്നു. സംഭവത്തിൽ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാൻ തയ്യാറായില്ല, എന്നാൽ പത്തനംതിട്ട സ്വദേശി ഉടൻ തന്നെ പത്തനംതിട്ട പൊലീസിൽ പരാതി നൽകി.