പിണറായി വിജയന്‍ ത്രിദിന സന്ദര്‍ശനത്തിന് ഒമാനിലെത്തി; 26-കൊല്ലത്തിനുശേഷം മസ്‌കത്തിലെത്തുന്ന കേരള മുഖ്യമന്ത്രി

02:59 PM Oct 23, 2025 |


മസ്‌കത്ത്: ത്രിദിന സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനിലെത്തി. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ജി.വി. ശ്രീനിവാസ്, സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്‍മാന്‍ ബാബു രാജേന്ദ്രന്‍, ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ സംഘാടകസമിതി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളാവിങ് കണ്‍വീനര്‍ അജയന്‍ പൊയ്യാറ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി.

വെള്ളിയാഴ്ച വൈകിട്ട് മസ്‌കത്തിലും ശനിയാഴ്ച വൈകിട്ട് സലാലയിലും മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് മസ്‌കത്തിലെ അമരാത്ത് മുനിസിപ്പല്‍ പാര്‍ക്കില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ വിങ്ങാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇരുപത്തിയാറു വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍നിന്ന് ഒരു മുഖ്യമന്ത്രി മസ്‌കത്തിലെത്തുന്നത്. ഇതിനു മുന്‍പ് 1999-ല്‍ ഇ.കെ. നായനാര്‍ ആണ് അവസാനമായി മസ്‌കത്ത് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി.

സലാലയില്‍ നടക്കുന്ന പ്രവാസോത്സവത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി നാളെ സലാലയ്ക്ക് പോകും. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാന്‍. ഈ മാസം പതിനേഴിന് മുഖ്യമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചിരുന്നു.