പ്രധാനമന്ത്രി മോദി വാന്‍സ് കൂടിക്കാഴ്ച ; ഇന്ത്യ - അമേരിക്ക വ്യാപാര കരാറില്‍ നിര്‍ണായക പുരോഗതി

05:59 AM Apr 22, 2025 | Suchithra Sivadas

യുഎസ് വൈസ് പ്രസിഡന്റ്  ജെ ഡി വാന്‍സുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടികാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യ - അമേരിക്ക വ്യാപാര കരാറില്‍ നിര്‍ണായക പുരോഗതിയെന്ന് വിദേശകാര്യ മന്ത്രാലയം. 

മോദിയുടെ ദില്ലിയിലെ വസതിയിലാണ് കൂടികാഴ്ച നടന്നത്. ട്രംപ് ഈ വര്‍ഷം തന്നെ ഇന്ത്യ സന്ദര്‍ശിച്ചേക്കും. ദില്ലി ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കുടുംബസമേതം വൈകിട്ടാണ് ജെ ഡി വാന്‍സ് എത്തിയത്. മോദി ഊഷ്മളമായി ഇവരെ സ്വീകരിച്ചു. ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സും മക്കളും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ ഇന്ത്യ - അമേരിക്ക വ്യാപാര കരാറടക്കം നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയായി.

രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധത്തില്‍ ഇരുവരും സന്തോഷം പ്രകടിപ്പിച്ചെന്നും, ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ മുതലായ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.