+

കോടതി ജയിൽ നിർദേശിച്ചു;കൊട്ടാരക്കരയിൽ പോക്‌സോ കേസ് പ്രതി ഇറങ്ങിയോടി

ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനു റിമാൻഡിലായ പോക്‌സോ കേസ് പ്രതി കോടതിമുറിയിൽനിന്ന്‌ ഓടി രക്ഷപ്പെട്ടു. ഇളമാട് ശ്രീജാഭവനിൽ അബിൻദേവ് (21) ആണ് കഴിഞ്ഞദിവസം കൊട്ടാരക്കര അതിവേഗകോടതിയിൽനിന്ന്‌ ഇറങ്ങിയോടിയത്.

കൊട്ടാരക്കര: ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനു റിമാൻഡിലായ പോക്‌സോ കേസ് പ്രതി കോടതിമുറിയിൽനിന്ന്‌ ഓടി രക്ഷപ്പെട്ടു. ഇളമാട് ശ്രീജാഭവനിൽ അബിൻദേവ് (21) ആണ് കഴിഞ്ഞദിവസം കൊട്ടാരക്കര അതിവേഗകോടതിയിൽനിന്ന്‌ ഇറങ്ങിയോടിയത്.


പോലീസ് ഇയാൾക്കായി  തിരച്ചിൽ തുടങ്ങി. ചടയമംഗലം പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ അബിൻദേവ് ജാമ്യത്തിലായിരുന്നു. എന്നാൽ ജാമ്യകാലാവധി കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാകാത്തതിനാൽ ഇയാൾക്കെതിരേ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഭിഭാഷകൻ കഴിഞ്ഞദിവസം അബിനെ കോടതിയിൽ ഹാജരാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലും ജാമ്യക്കാരില്ലാത്തതിനാലും റിമാൻഡ് ചെയ്യാൻ നിർദേശിച്ച കോടതി അബിനോട് പിന്നിലേക്കു നീങ്ങിനിൽക്കാനും ആവശ്യപ്പെട്ടു.

താൻ റിമാൻഡിലാവുകയാണെന്നു ബോധ്യപ്പെട്ട അബിൻ കോടതിമുറിയിൽനിന്നു പുറത്തേക്ക് ഓടുകയായിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരും അഭിഭാഷകരും പിന്നാലെ ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. തോട്ടംമുക്കിൽനിന്ന്‌ ഓട്ടോറിക്ഷയിൽ കൊട്ടാരക്കര പുലമണിലേക്കു കടന്ന അബിനെ പോലീസുകാർ മറ്റൊരു ഓട്ടോയിൽ പിന്തുടർന്നെങ്കിലും ഗതാഗതക്കുരുക്കിൽ ഓട്ടോ നിർത്തിയപ്പോൾ അബിൻ ഇറങ്ങി ഓടുകയായിരുന്നു.

കോടതിയിൽനിന്നു കടന്നുകളഞ്ഞതിനു കേസ് രജിസ്റ്റർ ചെയ്ത കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി. ഇളമാട്ടുള്ള അബിന്റെ വീട്ടിലുൾപ്പെടെ തിരഞ്ഞിട്ടും രാത്രി വൈകുംവരെയും ഇയാളെ പിടികൂടിയിട്ടില്ല.
 

facebook twitter