കൊച്ചി: പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നും അറസ്റ്റ് രേഖപ്പെടുത്തുന്ന സമയമല്ല ഇക്കാര്യത്തിൽ ബാധകമെന്നും ഹൈകോടതി. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതോടെ ഒരാൾ യഥാർഥത്തിൽ അറസ്റ്റിലാകുന്നുവെന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തുംമുമ്പ് കസ്റ്റഡിയിലുണ്ടായിരുന്ന സമയവും 24 മണിക്കൂറിൻറെ പരിധിയിൽ കണക്കാക്കണം.
അറസ്റ്റിലായയാളെ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് ഭരണഘടന പറയുന്നത്. അറസ്റ്റിലായ സ്ഥലത്തുനിന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള സമയത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇളവുള്ളത്. മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ ഒരാളെ 24 മണിക്കൂറിലധികം തടവിൽ വെക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയില്ലെന്നതിന്റെ പേരിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് നിരീക്ഷണം. 2025 ജനുവരി 25ന് ഉച്ചക്കുശേഷം മൂന്ന് മണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽനിന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയ പശ്ചിമ ബംഗാൾ സ്വദേശി ബിസ്വജിത് മണ്ഡലായിരുന്നു ഹരജിക്കാരൻ. അറസ്റ്റ് രേഖപ്പെടുത്തിയത് 26ന് ഉച്ചക്ക് രണ്ടിനും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് അന്ന് രാത്രി എട്ടിനുമാണെന്നായിരുന്നു ഹരജിക്കാരൻറെ വാദം. ഇത് നിയമലംഘനമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
25ന് വൈകീട്ട് ഏഴോടെയാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും 26ന് ഉച്ചക്ക് രണ്ടിന് അറസ്റ്റ് രേഖപ്പെടുത്തി രാത്രി എട്ടോടെ കോടതിയിൽ ഹാജരാക്കിയെന്നുമായിരുന്നു പ്രോസിക്യൂഷൻറെ വാദം. എന്നാൽ, മഹസർ റിപ്പോർട്ടിൽ 25ന് ഉച്ചക്കുശേഷം മൂന്നിന് കസ്റ്റഡിയിലായെന്നാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹരജിക്കാരൻറെ സ്വാതന്ത്ര്യം ആ നിമിഷം മുതൽ തടയപ്പെട്ടിരിക്കുകയാണെന്നും നിരീക്ഷിച്ചു. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടിയിരുന്നു. അതിനാൽ, ജാമ്യത്തിന് അർഹതയുണ്ടെന്ന് വിലയിരുത്തിയ കോടതി ഉപാധികളോടെ അനുവദിക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ അടക്കം ഉത്തരവുകൾ പരാമർശിച്ചാണ് സിംഗിൾ ബെഞ്ചിൻറെ നിരീക്ഷണം. വിഷയം പരിശോധിക്കാൻ നിയമ വിദ്യാർഥികളായ നിഖിന തോമസ്, നേഹ ബാബു എന്നിവരെ അമിക്കസ് ക്യൂറിയായും കോടതി നിയമിച്ചിരുന്നു. ലക്ഷം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമെന്ന പ്രധാന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.