അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ' എന്ന ഹാഷ് ടാഗോടെ പുറത്തിറങ്ങിയ പ്രോമോ വിഡിയോയിൽ അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ തരംഗമായ റീൽസ് ആണ് പ്രോമോയുടെ പ്രമേയം. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വ്യസനസമേതം ബന്ധുമിത്രാദികൾ.
വാഴ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും. 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യുവ - കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. അനശ്വര രാജനെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.