മണിപ്പൂരിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ രണ്ടുദിവസത്തെ മണിപ്പൂർ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഇൻഫാലിൽ എത്തുന്ന രാഷ്ട്രപതിയെ ഔദ്യോഗിക ബഹുമതികളുടെ സ്വീകരിക്കും. പോളോ പ്രദർശന മത്സരം വീക്ഷിച്ച ശേഷം വൈകിട്ട് സംസ്ഥാന സർക്കാർ ഒരുക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
രണ്ടു ദിവസത്തെ സന്ദർശനത്തിൽ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും രാഷ്ട്രപതി നിർവഹിക്കും. നാളെ ഇംഫാലിലെ നൂപി ലാൽ സന്ദർശിച്ച് മണിപ്പൂരിലെ ധീര വനിതകൾക്ക് ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് സേനാപതിയിലേക്ക് എത്തുന്ന രാഷ്ട്രപതി പൊതുസമ്മേളനത്തിന് അഭിസംബോധന ചെയ്യുകയും വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.
കഴിഞ്ഞ മൂന്നു മാസത്തിനിടെ രാഷ്ട്രപതിയുടെ രണ്ടാമത്തെ മണിപ്പൂർ സന്ദർശനമാണിത്. രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തുവെന്നാണ് കണക്കുകൾ. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്. അതേസമയം രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.