എഫ്ഐആർ റദ്ദ് ചെയ്യ്ത് കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം ; രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും കത്തയക്കുമെന്ന് അൽമായ ഭാരവാഹികൾ

11:36 AM Aug 02, 2025 | Neha Nair

തിരുവല്ല : ഛത്തീസ്ഗഡിൽ ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും അവർക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയക്കുമെന്ന് അൽമായ ഭാരവാഹികൾ തിരുവല്ലയിൽ അറിയിച്ചു. അറസ്റ്റിലായി തടവിൽ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയെയും വന്ദന ഫ്രാൻസിസിനെയും മനുഷ്യക്കടത്ത് ആരോപിച്ച് ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കാനുള്ള ബജ്റംഗ്ദളൾ നേതൃത്വത്തിന്റെ ഗൂഢതന്ത്രം വ്യക്തമാക്കുന്ന സംഭവങ്ങളാണ് ബിലാസ്പുരി എൻ.ഐ.എ കേടതിയിൽ നടന്നത്. 

ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിൽ സന്ദർശിച്ചു മുട്ടുകുത്തി പ്രാർത്ഥിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർത്ഥനയോടെ ശക്തമായി ഇടപെടേണ്ടതാണ്. കന്യാസ്തീകളുടെ പ്രായവും സ്തീകൾ എന്ന പരിഗണനയും നല്കാതെ സ്ത്രീത്വത്തിന് എതിരെയുള്ള കടന്നുകയറ്റതിന് ബജ്റംഗ്ദൾ പ്രവർത്തകർക്ക് ഛത്തീസ്ഗഡ് സർക്കാരും പോലീസും ഒത്താശ ചെയ്യുകയായിരുന്നു. കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിനു പിന്നാലെ മനുഷ്യക്കടത്ത് കുറ്റം ചുമത്തിയതിനും കേസ് നിയമവിരുദ്ധമായി എൻ.ഐ.എയ്ക്ക് കൈമാറിയതിനും കേന്ദ്ര ആഭ്യന്തര മന്ത്രി എം.പിമാർക്കും സഭാ നേതൃത്വത്തിനും നൽകിയ ഉറപ്പിന് വിരുദ്ധമായി  ജാമ്യ ഹർജിയെ സർക്കാർ അഭിഭാഷകൻ എതിർത്തതിനും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്.

 ഈ ഗൂഢാലോചനയാണ് എൻ.ഐ.എ അന്വേഷിക്കേണ്ടത്. ആൾക്കൂട്ട വിചാരണയും കൈയേറ്റവും ചെയ്ത ഗുണ്ടകൾക്കെതിരെ ക്രിമിനൽ നിയമ നടപടികളും മനുഷ്യക്കടത്തും നിർബദ്ധിത മത പരിവർത്തനം ആരോപിച്ചു കള്ള കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ എടുക്കുന്നതിനും കൂടാതെ ഈ വസ്തുതകളിന്മേൽ മനുഷ്യാവകാശ കമ്മീഷനും ദേശിയ വനിത കമ്മീഷനും ന്യുനപക്ഷ കമ്മീഷനും നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കണം. 

നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മതത്തിന്റെ പേരിൽ നിരപരാധികളെ ജയിലിൽ അടയ്ക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ ധാർഷ്ട്യം അംഗീകരിക്കാനാകില്ലെന്നും ഇൻഡ്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിനിനുള്ള എല്ലാ സമര പ്രക്ഷോഭങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അഡ്വ. അൻസിൽ കോമാട്ട്, ക്നാനായ സമുദായ സെക്രട്ടറി ടി ഒ എബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.