പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്കയിലേക്ക്

07:35 AM Feb 04, 2025 | Suchithra Sivadas

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്കയിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ഈ മാസം 12,13 തീയതികളിലാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം പത്തിന് പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് പോകുന്നുണ്ട്. ഇവിടെ നിന്നായിരിക്കും അദ്ദേഹം അമേരിക്കയിലേക്ക് പോവുകയെന്നാണ് വിവരം. 

പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയില്‍ നിന്ന് പ്രധാനമന്ത്രിക്ക് ക്ഷണമെത്തിയത്. 

അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തീരുവയിലടക്കം പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്.