43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ; വിതരണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു

08:30 PM Aug 06, 2025 |


ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം, മാറിവരുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച് ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാർ പുതുക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു.

നിരന്തരമായ പരിശോധനകളിലൂടെ 2,94,578 മുൻഗണനാകാർഡുകൾ അനർഹർ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.  അനർഹർ കൈവശം വച്ചിരിക്കുന്ന മുൻഗണനാകാർഡുകൾ റദ്ദ് ചെയ്യുന്നതിന് 'ഓപ്പറേഷൻ യെല്ലോ' എന്ന തീവ്രപരിശോധനാപരിപാടി നടപ്പാക്കിയത് വഴി 17,596 കാർഡുകൾ  പിടിച്ചെടുത്തു. ഇവയിലൂടെ ലഭ്യമായ ഒഴിവുകളിലേക്ക് വിവിധ ഘട്ടങ്ങളായി ഏറ്റവും അർഹരായവർക്ക് കാർഡുകൾ തരംമാറ്റി നൽകാൻ സാധിച്ചതായി മന്ത്രി അറിയിച്ചു.

2022 ജൂൺ, 2022 ഒക്ടോബർ, 2023 ഒക്ടോബർ, 2024 ഡിസംബർ, 2025 ജൂൺ എന്നീ ഘട്ടങ്ങളിലെല്ലാം ഇങ്ങനെ കാർഡുകൾ തരം മാറ്റി നൽകുകയുണ്ടായി. ഈ സർക്കാർ വന്നതിനുശേഷം അഞ്ച് ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരത്തിലധികം കാർഡുകൾ തരം മാറ്റി നൽകാൻ സാധിച്ചു. അതിന് പുറമെയാണ് ഇപ്പോൾ 43,000 മുൻഗണനാകാർഡുകൾ അനുവദിക്കുന്നത്.

 മുൻഗണനാപട്ടികയുടെ ശുദ്ധീകരണം ഇവിടെ അവസാനിക്കുന്നില്ല. അതൊരു തുടർ പ്രക്രിയയാണ്. കാർഡിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ജോലി ലഭിക്കുകയോ മറ്റെന്തെങ്കിലും തരത്തിൽ ഉയർന്ന വരുമാനം ഉണ്ടാവുകയോ ചെയ്യുമ്പോൾ കുടുംബം അർഹതാമാനദണ്ഡത്തിന് പുറത്തുപോകും. പട്ടിക നിരന്തരം ശുദ്ധീകരിക്കാൻ പൊതുജനങ്ങൾ സർക്കാരിനോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

പുതിയ മുൻഗണനാ കാർഡിനായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം.

സപ്ലൈകോയുടെ വിൽപനയിൽ ഗണ്യമായ വർദ്ധന:

സപ്ലൈകോയുടെ വിൽപനയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി മന്ത്രി അറിയിച്ചു.  ജൂലൈ മാസം ആകെ 168.28 കോടി രൂപയുടെ വിൽപന നടന്നപ്പോൾ പ്രതിദിനം ശരാശരി 6.5 കോടി രൂപയുടെ വിൽപനയായിരുന്നു ഉണ്ടായിരുന്നത്.

ഓഗസ്റ്റ് മാസം 2ാം തീയതി  8.01 കോടി രൂപയുടെ വിൽപന നടന്നു. 4ാം തീയതി  8.84 കോടിയുടെയും 5ാം തീയതി  7.56 കോടി രൂപയുടെയും വിൽപന നടന്നതായി മന്ത്രി അറിയിച്ചു.  ഇത് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ദിവസങ്ങളിൽ വിൽപനയുടെ തോത് ഗണ്യമായി വർദ്ധിക്കും എന്നതാണ്.

തിരുവനന്തപുരം നഗരസഭ കൗൺസിലർ ഹരികുമാർ സി., പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു

ഓണത്തോടനുബന്ധിച്ച് പ്രത്യേക പദ്ധതികൾ:

സമൃദ്ധിയുടെ പൊന്നോണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ കിലോഗ്രാമിന് 10 രൂപ 90 പൈസ നിരക്കിൽ ഓണം സ്പെഷ്യൽ അരി വിതരണം ചെയ്യും. PHH (പിങ്ക്) കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരിയും NPS (നീല) കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരിയും ലഭിക്കും. NPNS (വെള്ള) കാർഡ് വിഭാഗത്തിന് ആകെ 15 കിലോഗ്രാം അരി ലഭ്യമാകും. AAY (മഞ്ഞ) കാർഡ് വിഭാഗത്തിന് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഒരു കിലോഗ്രാം പഞ്ചസാരയും ഉറപ്പാക്കും. എല്ലാ റേഷൻ കാർഡ് വിഭാഗങ്ങൾക്കും മണ്ണെണ്ണ ലഭ്യമാക്കും.