സ്വകാര്യ ബസ് സമരം കണ്ണൂരിൽ പൂർണ്ണം, പെരുവഴിയിൽ യാത്രക്കാർ :കെ.എസ്.ആർ.ടിസി അധിക സർവീസ് നടത്തി ,സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഹാജർ നില കുറഞ്ഞു

12:28 PM Jul 08, 2025 |



കണ്ണൂർ:സംസ്ഥാനത്ത് സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക് ജില്ലയിൽ പൂർണം. ബസ് സ്റ്റാന്‍ഡുകളിൽ യാത്രക്കാർ പൊതുവേ കുറവായിരുന്നു. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്ന് സൂചനാ പണിമുടക്കിലേക്ക് കടന്നത്. കണ്ണൂരിലടക്കം കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകൾ ഇന്ന് പതിവ് സർവീസുകൾക്കു പുറമേ സർവീസ് നടത്തി.

കണ്ണൂർ ആറ്, തലശേരി നാല്, പയ്യന്നൂർ ആറ് എന്നീ ഡിപ്പോകളിൽ നിന്നു് ബസ് അധികമായി സർവീസ് നടത്തിയതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ മനോജ്കുമാർ പറഞ്ഞു.ആവശ്യമെങ്കിൽ കൂടുതൽ സർവ്വീസ് നടത്താനുള്ള ഒരുക്കം ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഓഫീസുകളിലും വിദ്യാലയങ്ങളിലും ഹാജർ നില പൊതുവേ കുറവായിരുന്നു. യാത്രക്കാർ കൂടുതലായും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചു.മലയോര മേഖലയിൽ പണിമുടക്ക് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബസ് ഉടമകള്‍.

ഇന്നത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറകടറുടെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ടായിരുന്നു.പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് സമരം.
കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പണിമുടക്ക് കാരണം യാത്രക്കാർ പെരുവഴിയിലായി. സ്വകാര്യ വാഹനങ്ങളെയാണ് പലരും ആശ്രയിച്ചത്. പണിമുടക്കിനെ തുടർന്ന് സ്വകാര്യ വാഹനങ്ങൾ കൂടുതലായി റോഡിലിറങ്ങിയത് പലയിടങ്ങളിലും ഗതാഗത കുരുക്കും സൃഷ്ടിച്ചു.