മൈസൂരു: വയോധികനായ ഭര്‍തൃപിതാവിനെ മര്‍ദിച്ചുകൊന്ന കേസില്‍ മരുമകളെ അറസ്റ്റു ചെയ്ത് പോലീസ് . സംഭവത്തിന് കൂട്ടുനിന്ന പോലീസുകാരനായ മകനും കേസില്‍ അറസ്റ്റിലായി. മൈസൂരിലെ സാലിഗ്രാമ താലൂക്കിലെ കെഡഗ ഗ്രാമത്തിലെ നാഗരാജുവാണ് (70) കൊല്ലപ്പെട്ടത്.
സംഭവത്തില്‍ നാഗരാജുവിന്റെ മകന്‍ സിറ്റി ആംഡ് റിസര്‍വ് ഫോഴ്‌സിലെ കോണ്‍സ്റ്റബിളായ പഞ്ചാക്ഷരിയെയും ഭാര്യ ദിലക്ഷിയേയും സാലിഗ്രാമ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് ആവശ്യപ്പെട്ട് ഇരുവരും നാഗരാജുവും ഭാര്യ ഗൗരമ്മയുമായി നിരന്തരം വഴക്കിടാറുണ്ട്.
കഴിഞ്ഞ ശനിയാഴ്ച നാഗരാജുവിനെ വീടിന്റെ വയലിനടുത്ത് കാലുകളില്‍നിന്നും ഇടത് കണ്ണില്‍ നിന്നും രക്തം വാര്‍ന്നൊഴുകി പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞ് അവിടെവെച്ച് മരിക്കുകയായിരുന്നു.
വയലിലേക്ക് പോകുമ്പോള്‍ ദിലക്ഷി സ്വത്ത് ഉടന്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് നാഗരാജുവിനെ മരക്കമ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ വിവരം ദിലക്ഷി ഭര്‍ത്താവ് പഞ്ചാക്ഷരിയെ അറിയിച്ചെങ്കിലും ഇരുവരും വിവരം മറച്ചുവെക്കുകയായിരുന്നുവെന്ന് ഗൗരമ്മ പോലീസിന് മൊഴിനല്‍കി. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.