സ്വത്ത് തർക്കം; മധ്യപ്രദേശിൽ സഹോദരനെയും ഭാര്യയെയും കുത്തി കൊന്ന് യുവാവ്

11:15 AM Oct 25, 2025 | Kavya Ramachandran

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരനെയും സഹോദരന്റെ  ഭാര്യയെയും കുത്തിക്കൊന്ന് യുവാവ്. ഇരുവരുടെയും ചെറിയ മക്കള്‍ക്ക് മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വെള്ളിയാഴ്ച്ച  ഉച്ചയോടെയാണ് സംഭവം. കുടുംബത്തിന്റെ പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട് കൂലിപ്പണിക്കാരനായ ബാബ്ലു ചൗധരിയും ഇയാളുടെ മൂത്ത സഹോദരന്‍ സഞ്ജയും മാസങ്ങളായി തര്‍ക്കത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെള്ളിയാഴ്ച്ച  ഉച്ചയോടെ ബാബ്ലു ,സഞ്ജയ്‌യുടെ ബാല്‍ദി കോരി ദഫായിയിലെ വീട്ടിലെത്തുകയും സ്വത്തിലെ തന്റെ വിഹിതം ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലാകുകയും പിന്നാലെ പ്രകോപിതനായ ബാബ്ലു കത്തിയെടുത്ത് സഞ്ജയിയെ കുത്തുകയുമായിരുന്നു. കുത്തേറ്റതിന് പിന്നാലെ നിലത്ത് വീണ സഞ്ജയ് എഴുന്നേറ്റ് ഓടാന്‍ ശ്രമിക്കുന്നതിനിടെ ബാബ്ലു പിന്നാലെ പോകുകയും കുത്തിക്കൊല്ലുകയുമായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സഞ്ജയ്‌യുടെ ഭാര്യ തടയാന്‍ ശ്രമിക്കുന്നത് സിസിടിവിയില്‍ കാണാം. സഞ്ജയ്‌യെ കൊലപ്പെടുത്തിയതിന് പിന്നാലെ ബാബ്ലു സഞ്ജയ്‌യുടെ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ബാബ്ലു ഓടിരക്ഷപ്പെട്ടു. ബാബുവിനെതിരെ കൊലക്കേസ് ചുമത്തിയ പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.