തിരുവനന്തപുരം: ശബരിമലയിൽനിന്ന് നഷ്ടമായ സ്വർണം അന്വേഷണസംഘം കണ്ടെത്തുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ഭഗവാന്‍റെ ഒരുതരി പൊന്നുപോലും നഷ്ടപ്പെടാൻ പാടില്ല. ഉന്നതർക്ക് ബന്ധമുണ്ടെങ്കിൽ അതും അന്വേഷണ സമിതി കണ്ടെത്തും. എസ്.ഐ.ടിയെ നിയോഗിച്ചത് സർക്കാറല്ല, കോടതിയാണ്. അതിനാൽത്തന്നെ അന്വേഷണത്തിൽ ഒരുതരത്തിലുമുള്ള ഇടപെലുമുണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു.
“അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ വിവരങ്ങളും സ്റ്റാന്‍റിങ് കൗൺസിലിനെയും അവർ കോടതിയെയും അറിയിച്ചിട്ടുണ്ട്. 2019ൽ കാര്യങ്ങൾ സ്പെഷൽ കമീഷണറെ അറിയിക്കാത്തതിൽ വീഴ്ച വന്നിട്ടുണ്ട്. അന്വേഷണസംഘം സ്വർണം കണ്ടെത്തും, കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യും. കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമായതിനാൽ അതിൽ ഒരു സംശയവുമില്ല. ഭഗവാന്‍റെ ഒരുതരി പൊന്നുപോലും നഷ്ടപ്പെടാൻ പാടില്ല. ഉന്നതർക്ക് ബന്ധമുണ്ടെങ്കിൽ അതും അന്വേഷണ സമിതി കണ്ടെത്തും. എസ്.ഐ.ടിയെ നിയോഗിച്ചത് സർക്കാറല്ല, കോടതിയാണ്. അതിനാൽത്തന്നെ അന്വേഷണത്തിൽ ഒരുതരത്തിലുമുള്ള ഇടപെലുമുണ്ടാകില്ല” -പി.എസ്. പ്രശാന്ത് പറഞ്ഞു.
നേരത്തെ മാധ്യമങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്നെ ബന്ധപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അത്തരത്തിലൊരു ബന്ധവുമില്ലെന്നും പി.സ്. പ്രശാന്ത് പറഞ്ഞിരുന്നു. ‘എന്നെകൂടി എങ്ങനെ കണക്റ്റ് ചെയ്യാമെന്ന് മാധ്യമങ്ങള്‍ ചിന്തിക്കുകയാണ്. നിങ്ങള്‍ ഇനി കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എന്നെ കണക്റ്റ് ചെയ്യാനുള്ള ഒന്നും കിട്ടില്ല. അങ്ങനെ ഒരുബന്ധം ഞാനും അയാളും തമ്മില്‍ ഇല്ല. ബോര്‍ഡിന്‍റെ കാലാവധി തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. കുറ്റവാളികളാണെന്ന് കണ്ടെത്തിയാല്‍ വിരമിച്ചവരുടെ ആസ്തി ഉള്‍പ്പടെ കണ്ടെത്താന്‍ കഴിയമോയെന്നത് ആലോചിക്കുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി താമസിച്ചിരുന്ന ബംഗളൂരുവിലെ ഫ്ലാറ്റിൽ എസ്.ഐ.ടി പരിശോധന നടത്തുകയാണ്. ശ്രീറാംപൂരിയിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനായിരുന്നു പോറ്റി സ്വർണം വിറ്റത്. ബെല്ലാരിയിലെ ജ്വല്ലറിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങളാണ് ലഭിച്ചത്. സ്വർണക്കൊള്ളയിലൂടെ ആരൊക്കെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ നൽകിയ മൊഴി.