ഹൈദരാബാദ്: മനശാസ്ത്ര ചികിത്സയ്ക്കായി എത്തിയ യുവാവുമാനെ വിവാഹം കഴിച്ച യുവ ഡോക്ടർ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ ബെഞ്ചാര ഹിൽസിലാണ് സംഭവം നടന്നത്. ബെഞ്ചാര ഹിൽസിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആയിരുന്നു രഞ്ജിത. ഇവിടേക്ക് സോഫ്റ്റുവെയർ എൻജിനീയറായ രോഹിത് ചികിത്സയ്ക്കായി എത്തി. രഞ്ജിതയുടെ ചികിത്സയിൽ രോഹിതിന് മാറ്റങ്ങൾ ഉണ്ടാകുകയും മെല്ലെ രോഹിത് രഞ്ജിതയോട് വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും സമ്മത അറിയിച്ചതോടെ വിവാഹവും നടത്തി. എന്നാൽ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂർത്തടിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തൽ.
തുടർന്ന് ഹൈദരാബാദിലെ പ്രശസ്തമായ ഇന്റർനാഷനൽ സ്കൂളിൽ ചൈൽഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയിൽ പ്രവേശിച്ചു. ഇതിനും രോഹിത് തടസം നിന്നു. ഇതോടെ ഈ സ്വഭാവവുമായി മുന്നോട്ട് പോകാനാകില്ലെന്ന് രഞ്ജിത രോഹിത്തിനോട് വ്യക്തമാക്കുകയും ചെയ്തു. ഇതേതുടർന്ന് രോഹിത് ശാരീരിക ഉപദ്രവം ആരംഭിച്ചുവെന്ന് രഞ്ജിതയുടെ കുടുംബം പറയുന്നു. രഞ്ജിതയോട് രോഹിതും കുടുംബവും പണം ആവശ്യപ്പെടാൻ തുടങ്ങി. പണം കൊടുക്കാതിരുന്നാൽ മർദിക്കാനും ആരംഭിച്ചുവെന്ന് വീട്ടുകാർ വെളിപ്പെടുത്തുന്നു. രോഹിതിനൊപ്പം മാതാപിതാക്കളും സഹോദരനും പീഡനം തുടങ്ങിയതോടെ രഞ്ജിത കടുത്ത മനപ്രയാസത്തിലായി.
ഇത് താങ്ങാനാവാതെ ജൂലൈ 16ന് അമിത അളവിൽ ഉറക്ക ഗുളിക കഴിച്ച് രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഈ സംഭവം കഴിഞ്ഞ് സ്വന്തം മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയ രഞ്ജിത ജൂലൈ 28ന് നാലുനിലക്കെട്ടിടത്തിലെ ബാത്ത്റൂം ജനാലയിലൂടെ ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഞ്ജിത മരണപ്പെടുകയായിരുന്നു. വനിതാ ഡോക്ടറുടെ മരണത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് രോഹിതിനും കുടുംബത്തിനുമെതിരെ കേസ് റെജിസ്റ്റർ ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.