+

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഇതുസംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഇതുസംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.

ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,

വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണല്ലോ. എന്നാല്‍ ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ പരിപാടികള്‍ നടക്കുമ്ബോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.

അതുകൊണ്ട്, ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്‌കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തില്‍ കൂടുതല്‍ സന്തോഷവും വര്‍ണ്ണാഭമായ ഓര്‍മ്മകളും നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍

facebook twitter