സെലന്‍സ്‌കിയെ കാണാന്‍ തയ്യാറാണെന്ന് പുടിന്‍ ട്രംപിനോട് സമ്മതിച്ചു; വെളിപ്പെടുത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

08:31 AM Aug 20, 2025 | Suchithra Sivadas

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെ കാണാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഡോണള്‍ഡ് ട്രംപിനോട് പറഞ്ഞതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. മൂന്ന് വര്‍ഷത്തെ യുദ്ധത്തിന് ശേഷം പുടിന്‍ സെലന്‍സ്‌കിയെ കാണാന്‍ തയ്യാറാണെന്നത് ഒരു വലിയ കാര്യമാണെന്നും റൂബിയോ പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റൂബിയോയുടെ പ്രതികരണം.

പുടിനും സെലന്‍സ്‌കിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്കായി നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അത് വിജയിച്ചാല്‍ ട്രംപുമായി ചേര്‍ന്നുള്ള ഒരു ത്രികക്ഷി കൂടിക്കാഴ്ച ഉണ്ടാകുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. ഒരു കരാര്‍ അന്തിമമാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ഇതുവരെ അവിടെ എത്തിയിട്ടില്ല. പക്ഷേ ഞങ്ങള്‍ ലക്ഷ്യമിടുന്നത് അതാണ്. ഇന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങളിലൊന്ന് ആ ഘട്ടത്തിലെത്തുക എന്നതാണെന്നും റൂബിയോ വ്യക്തമാക്കി.


ഒരുപക്ഷത്തിന്റെ ആവശ്യം 100 ശതമാനം നേടുമെന്ന പ്രതീക്ഷ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നും ഇരു കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.