ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ യൂട്യൂബ് ചാനല്‍ എം എസ് സൊല്യൂഷന്‍ സി ഇ ഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഷുഹൈബ് വലിയ മീന്‍ തന്നെയാണെന്നും ചോദ്യപേപ്പര്‍ എവിടെ നിന്ന് ചോര്‍ന്നുവെന്ന് കണ്ടെത്തണമെങ്കില്‍ ഷുഹൈബിനെ ചോദ്യം ചെയ്യണം എന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.
ചോദ്യങ്ങള്‍ വരാനുള്ള സാധ്യത അല്ല ഷുഹൈബ് പ്രവചിച്ചത്. വന്നിരിക്കും എന്ന് ഉറപ്പിച്ച് പറഞ്ഞെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. എന്നാല്‍ ചോദ്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും ഗൂഢാലോചന നടത്തിയാല്‍ മറ്റ് പ്രതികളെ കണ്ടെത്താത്തത് എന്തുകൊണ്ടാണെന്നും പ്രതിഭാഗം ചോദിക്കുന്നു. സമാനമായ രീതിയില്‍ നിരവധി ആളുകള്‍ ചോദ്യങ്ങള്‍ പുറത്തുവിട്ടിട്ടും ഷുഹൈബിനെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്നും പ്രതിഭാഗം ആരോപണം ഉന്നയിച്ചിരുന്നു.