ബിസിനസ് തുടങ്ങി പണമുണ്ടാക്കണമെന്ന് ആഗ്രഹമുണ്ടോ? വെറുതെ തുടങ്ങിയാല്‍ പോര, രാഹുല്‍ ദ്രാവിഡ് പറയുന്നത് ഇങ്ങനെ

09:36 AM Nov 29, 2025 | Raj C

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ''ദ വാള്‍'' രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ യുവ സംരംഭകര്‍ക്ക് ഗുരുവായി മാറുകയാണ്. ബോംബെ ഷേവിങ് കമ്പനി സ്ഥാപകനും സി.ഇ.ഒ.യുമായ ശാന്തനു ദേശ്പാണ്ഡെയുമായുള്ള സംഭാഷണത്തില്‍ ദ്രാവിഡ് പങ്കുവെച്ച ഉപദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

എല്ലാവരും ശാന്തനുവിനെപ്പോലെ ഒരു കമ്പനി തുടങ്ങാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ശാന്തനുവിനെപ്പോലെ പഠിക്കാന്‍ തയ്യാറുള്ളവര്‍ വിരളമാണെന്ന് ദ്രാവിഡ് പറഞ്ഞു. ഇന്നത്തെ വിവരസമ്പന്നമായ ലോകത്ത് ഒരു സംരംഭകന്റെ ഏറ്റവും വലിയ ആയുധം ജിജ്ഞാസയാണെന്ന് അദ്ദേഹം പറയുന്നു.

നമുക്ക് ചുറ്റും അറിവിന്റെയും അവസരങ്ങളുടെയും വന്‍ സമുദ്രമുണ്ട്. പക്ഷേ, ജിജ്ഞാസ ഇല്ലെങ്കില്‍ നമ്മള്‍ അതില്‍ മുങ്ങിപ്പോകും. ജിജ്ഞാസ ഉണ്ടെങ്കില്‍ മാത്രമേ നമ്മള്‍ ആളുകളെ കാണൂ, സംസാരിക്കൂ, പഠിക്കൂ. കഠിനാധ്വാനവും സര്‍ഗാത്മകതയും അനിവാര്യമാണ്, പക്ഷേ ജിജ്ഞാസ അതിനേക്കാള്‍ പ്രധാനമാണ്, ദ്രാവിഡ് വ്യക്തമാക്കി.

രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ ഇന്നും ക്രിക്കറ്റിനെക്കുറിച്ച് പഠിക്കുന്നത് കാണുമ്പോഴാണ് മനസിലാകുന്നത്, ഒരു സംരംഭകനും തന്റെ മേഖലയെ ഇതേ ജിജ്ഞാസയോടെ സമീപിക്കണമെന്ന്, ശാന്തനു ദേശ്പാണ്ഡെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ബോംബെ ഷേവിങ് കമ്പനി അടുത്തിടെ 136 കോടി രൂപയുടെ ഫണ്ടിങ് റൗണ്ട് അവസാനിപ്പിച്ചിരുന്നു. ശാന്തനു ദേശ്പാണ്ഡെ, പട്‌നി ഫാമിലി ഓഫീസ്, ജി.ഐ.ഐ., ഹൈ നെറ്റ് വര്‍ത്ത് നിക്ഷേപകര്‍ എന്നിവരോടൊപ്പം രാഹുല്‍ ദ്രാവിഡും നിക്ഷേപകനായി എത്തി.

550 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനവും ലാഭകരമായ പ്രവര്‍ത്തനവും നിലനിര്‍ത്തുന്ന കമ്പനി അടുത്ത് തന്നെ ഐ.പി.ഒ.വിലേക്കും കടക്കാനുള്ള ഒരുക്കത്തിലാണ്.