ന്യൂഡൽഹി: വിദേശ നേതാക്കളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യം കേന്ദ്ര സർക്കാർ പാലിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. റഷ്യൻ പ്രസിഡന്ററ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തുന്നതിന് തൊട്ടുമുമ്പാണ് വിദേശ നേതാക്കൾ തന്നെ കാണേണ്ടെന്ന് സർക്കാർ നിർദേശം നൽകിയെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി രംഗത്തുവന്നത്.
വാജ്‌പേയിയുടെയും മൻമോഹൻ സിങ്ങിന്റെയും കാലത്ത് വിദേശത്തുനിന്നെത്തുന്ന നേതാക്കൾ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ, വിദേശ നേതാക്കൾ ഇന്ത്യയിൽ വരുമ്പോഴും താൻ വിദേശത്തേക്ക് പോകുമ്പോഴും കൂടിക്കാഴ്ചകൾ ഒഴിവാക്കാൻ സർക്കാർ സമ്മർദം ചെലുത്തുകയാണ്.
വിദേശ സന്ദർശനത്തിൽ തന്നെ കാണരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്ന് അവിടത്തെ ആളുകൾ തന്നോട് പറയുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സർക്കാർ മാത്രമല്ല, പ്രതിപക്ഷവുമാണ്. എന്നിട്ടും പ്രതിപക്ഷം പുറത്തുനിന്നുള്ളവരെ കാണാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സർക്കാറിന്റെ അരക്ഷിതാവസ്ഥയാണ് കാരണമെന്നും പാർലമെന്റിന് പുറത്ത് മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി പ്രതികരിച്ചു.