'രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവ്, പ്രതിപക്ഷ നേതാവ് പോയി പണിനോക്കട്ടെയെന്ന നിലപാട്' : ഇ പി ജയരാജൻ

10:38 AM Sep 15, 2025 |


തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം ഇ പി ജയരാജൻ. നിയമപരമായി വരാൻ അധികാരമുണ്ടെന്നും എന്നാൽ ധാർമികയുടെ ഭാഗമായി ഇല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വന്നത്. എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണെന്നും ജയരാജൻ വിമർശിച്ചു. ഓരോ പ്രശ്നങ്ങളിലും അനുയോജ്യമായ നിലപാട് എടുത്തിട്ടുണ്ട്. ചരമോപചാരം എന്ന ആദരവിനെ പരിഹസിക്കുന്ന നിലപാടാണിത്. 

അലങ്കോലമുണ്ടാക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ട്. കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഇതിനോട് യോജിപ്പാണെന്ന് കരുതുന്നില്ലെന്നും ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണിത്. ഭരണപക്ഷം ഭരണപക്ഷത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കുകയാണ്. അതിനെ അലങ്കോലപ്പെടുത്താൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. 

രാഹുലിനെതിരെ കോൺഗ്രസ് നടപടി എടുത്തത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ലെന്നും ഇപി ജയരാജൻ രൂക്ഷഭാഷയിൽ വിമർശിച്ചു. വിവാദങ്ങൾക്കും ലൈം​ഗിക ആരോപണങ്ങൾക്കുമിടെ പാലക്കാട് എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിഷയത്തിലാണ് ഇ പി ജയരാജന്റെ പ്രതികരണം.