ന്യൂഡല്‍ഹി: ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ചപ്പോൾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചുമതല അബിന്‍ വര്‍ക്കിക്ക് നല്‍കിയേക്കും. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനാണ് അബിന്‍ വര്‍ക്കി.
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാദ്ധ്യക്ഷനായ നേതാവാണ് അബിന്‍ വര്‍ക്കി. തെരഞ്ഞെടുപ്പ് മാനദണ്ഡം പാലിച്ച് അബിന്‍ വര്‍ക്കി അദ്ധ്യക്ഷനാവുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സാമുദായിക സമവാക്യം ഇക്കാര്യത്തില്‍ പരിഗണിക്കില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും കണ്ടെത്തിയിരുന്നു.